2018, മേയ് 8, ചൊവ്വാഴ്ച

മാനസമന്ത്രം

ശിവക്ഷേത്രത്തിലെ വൃത്തകാരത്തിലുള്ള ആൽത്തറ ചുറ്റും ഏകാഗ്രകതയോടെ പ്രദക്ഷിണം വക്കുന്ന അപരിചിതയായ മുത്തശ്ശിയെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു.
ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ ആരോഗ്യം ലഭിച്ചുകൊണ്ടിരുന്നത്‌ ശിവന്റെ കൃപ കൊണ്ടാണെന്ന്‌ മഹാഭാരതം സൗപ്‌തിക പർവ്വത്തിൽ പറയുന്നതായും, അതുകൊണ്ട്‌ മഹേശ്വരനെ സ്‌തുതിക്കണമെന്നും മരിച്ചുപോയ വല്ല്യപ്പൻ പലവട്ടം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്‌തിട്ടുണ്ട്‌.
പണ്ടെങ്ങോ അയൽക്കാരനായി വന്ന വാടകക്കാരൻ യുക്തിവാദിയുടെ മാന്ത്രിക സാമീപ്യം, എന്റെ മനസിലെ, ചിന്തകളിലെ ഈശ്വരന്മാരെ കൊല്ലാക്കൊല ചെയ്‌തിട്ടുണ്ട്‌.
വീണ്ടും എന്റെ ശ്രദ്ധ മുത്തശ്ശിയിലേയ്‌ക്ക്‌ തിരിഞ്ഞു. അവിടെ മനസിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ എന്നിൽ കൗതുകം ജനിച്ചു. അല്‌പം മുമ്പ്‌ ഈശ്വരസാക്ഷിയായി ബീഡി കൊളുത്തി കല്‌പനികതയുടെ മധുരം അയവിറക്കി ഗുരുത്തക്കേട്‌ കാട്ടിയ എന്റെ മനസും, വെറുമൊരു മരച്ചുവട്ടിനപ്പുറം ഈശ്വരനെ ദർശിച്ച ആ മഹാമനസും തമ്മിലുള്ള അന്തരം?
തോന്നിയിട്ട്‌ കാര്യമില്ലെങ്കിലും വെറുതേയൊരു പശ്ചാത്താപം മനസിലേക്ക്‌ തരിച്ചു കയറി. അതിന്റെ പവിത്രത മനസിലാക്കാതെ ഞാനും ആ കിഴവൻ മരത്തെ മൂന്നുവട്ടം വലംവച്ചു. ഈശ്വരാനുഗ്രഹത്തിന്‌ പകരം ശിരസാ വഹിക്കേണ്ടിവന്നത്‌ കാക്കക്കാഷ്‌ഠവും.
എനിക്കറിയാവുന്ന തമ്പുരാന്മാരാരോടെല്ലാം ക്ഷമ യാചിച്ചു. വരുന്ന മാസം പളനിയിൽ പോയി തല മുണ്ഡനം ചെയ്‌തേക്കാമെന്ന നേർ ച്ചയും, ജീവിതത്തിലേക്ക്‌ തിരിച്ചു വരണമെന്ന ഉറച്ച മനസുമായി ഞാൻ തിരിച്ചു നടന്നു.
വെറുതേയൊന്നു തിരിഞ്ഞ്‌ നോക്കിയപ്പോൾ…. വാർദ്ധക്യത്തിലും കൊഴിയാത്ത യൗവ്വനവും അളവറ്റ തേജസുമായി അവരെത്തിക്കഴിഞ്ഞു. പ്രസാദപൂരിതമായ ആ മുഖത്ത്‌ ഭക്തിയും ക്ഷീണവും നിറഞ്ഞു നിന്നു. ചുണ്ടുകളിൽ ആയിരം മന്ത്രങ്ങളും, കണ്ണുകളിൽ ജ്വലിക്കുന്ന ദേവചൈതന്യവുമായി അടുത്തെത്തിയ ആ ഈശ്വര പ്രതിയോഗിയോട്‌ വിനയത്തോടെ ഞാൻ ചോദിച്ചു.
ഈ ആൽത്തറ വലം വച്ചപ്പോൾ മുത്തശ്ശിയുടെ മനസിലെന്തായിരുന്നു?
ജിജ്‌ഞ്ഞാസയുടെ കുന്തമുനയിലിരുന്ന്‌ ഞാൻ കാത്‌ കൂർപ്പിച്ചു. ആദ്യം ഒന്ന്‌ മടിച്ചെങ്കിലും നഖം കടിച്ച്‌ നമ്രമുഖിയായി കാൽവിരൽകൊണ്ട്‌ ‘റ’ വരച്ച്‌ ആ തേജസ്വിനി ഉത്തരം തന്നു.
‘എന്റെ കൗമാരം.’
പളനി ആണ്ടവരോട്‌ ഒരപേക്ഷ, തലമുണ്ഡനം അടുത്ത കൊല്ലത്തേക്ക്‌ പോരേ….?