2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കാമുകൻ കരിവണ്ട്

ഭൃംഗം

 അല്ലയോ ചിത്രശലഭമേ, ആരും കൊതിച്ചു പോകുന്ന നിന്റെ സൌന്ദര്യം,സാമീപ്യം നയന സുഭാഗമായ വര്‍ണഭംഗി! നീയെത്ര ഭാഗ്യവതിയാണ്. നീ ചെയ്യുന്ന അതേ പ്രവൃത്തികള്‍ എത്രയോ ഗൌരവമായി ഞാനും നിര്‍വഹിക്കുന്നു.അതും, നിസ്വാര്‍ത്ഥ സേവനം. .

പൂവിന്റെയ്ള്ളില്‍ ഒളിച്ചുവച്ചിരിയ്ക്കുന്ന മധുരമാണ് തേന്‍ .അതെത്രയോ നുകര്‍ന്നിരിയ്ക്കുന്നു.പക്ഷേ, നിറവോടെ ചിരിതൂകി നില്‍ക്കുന്ന പുഷ്പദളങ്ങള്‍ എന്റെ സ്പര്‍ശനമാത്രയില്‍ ഒളിമങ്ങുന്നു. കരിവണ്ടായി പിറന്നതുകൊണ്ടു മാത്രം ഞാന്‍ നികൃഷ്ടനായോ? ഇല്ല ഒരിയ്ക്കലുമില്ല...എത്രയോ കവിഹൃദയങ്ങളിലൂടെയും സാഹിത്യ മസ്തിക്ഷ്കങ്ങളിലൂടെയും എനിയ്ക്കും അംഗീകാരവും ചമല്‍ക്കാരവും ലഭിച്ചിരിക്കുന്നു.

എങ്കിലും... ഈ പരോക്ഷസ്ഥാനം തരുന്നവരാരും തന്നെ പ്രത്യക്ഷത്തില്‍ എന്നെയൊന്നു സ്നേഹിക്കാനോ സ്പര്‍ശിക്കാനോ മടി കാണിക്കുന്നു.പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ മനസിനുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന മധുരമാണ് സ്നേഹം.ആ മധുരം നുകരാന്‍ ഭാഗ്യം നിക്ഷേധിക്കപെട്ടവനാണോ ഞാന്‍?

എന്റെ പൂര്‍വികരാരോ ചെയ്ത് തീര്‍ത്ത പാപഫലമെന്നോളം നിരപരാധിയായ എന്നെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്നത് അനീതിയല്ലേ? പരസ്പരം സ്നേഹിക്കുക എന്നത് പ്രകൃതി നിയമമാണ്.അതനുസരിച്ചെങ്കിലും ഏതെങ്കിലുമൊരു പരമാണുവിനുള്ളില്‍ എന്നോട് തോന്നിയേക്കാവുന്ന ഒരിറ്റ് സ്നേഹം സ്വപ്നം കണ്ടുകഴിയുന്ന ഈ കരിവണ്ടിന് സമസ്ത സൌന്ദര്യങ്ങളുടെയും ഉപമയായ ഈ ശലഭ സുന്ദരിയെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവുമോ ? അതിനായി ഈ മനസ്സില്‍ കനിവുണ്ടാകണം. രൂപവതീ..നിന്‍ മനക്കണ്ണാടിയിലെ രസത്തകിടില്‍ പ്രതിബിംബമാകാന്‍ കഴിയാനാകാതെ ഞാന്‍ വീര്‍പ്പ്മുട്ടുകയാണ്.

ശലഭം

  പ്രിയപ്പെട്ട അളി ചേട്ടന് ,താങ്കളുടെ കരുത്തും കാര്യ പ്രാപ്തിയും മനോവിശാലതയും എനിക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ട്‌. എന്റെ മനസ്സില്‍ താങ്കള്‍ക്കൊരു മഹനീയ സ്ഥാനവുമുണ്ട്. താങ്കള്‍ എന്നോട് കാട്ടുന്ന ശ്രിങ്കാര ചേഷ്ടകളില്‍ ഞാനങ്ങേയറ്റം ഖേദിക്കുന്നു.പകരം ഒരു സഹോദരന്റെതായ സ്നേഹവും സംരക്ഷണവും താങ്കളില്‍ നിന്നും പ്രതീഷിച്ചോട്ടെ.മനസ് ചിതറാതെ നിരാശനാവാതെ താങ്കളെ എനിയ്ക്കെന്നും കാണണം .ഇനിയും ഇത്തരം വ്യര്‍ഥമായ വാക്കുകളിലൂടെ ഈ ചെറിയ മനസിനെ നോവിക്കില്ല എന്ന് എനിയ്ക്ക് ഉറപ്പ് തരണം..എന്ന് വിനീത സഹോദരി.

പൂവ് 

  പ്രേമ സുരഭിലനായ ഭ്രിംഗ ശ്രീമാന്‍, രസാനുഭവ ശീതളമായ താങ്കളുടെ ഹൃദയത്തിലേയ്ക്ക് ഉഷ്ണമുള്ള ഉല്‍ക്കകളെ ക്ഷണിച്ച് വരുത്തരുത്. അനുചിതമായ മനോവികാരങ്ങള്‍ക്ക് നങ്കൂരമിടാന്‍ താങ്കള്‍ക്ക് കഴിയണം.ക്ഷണ ഭങ്കുരങ്ങളായ പൂവിനോ പൂമ്പാറ്റയ്ക്കോ സ്വന്തമല്ലാത്ത ശക്തിയും ശൌര്യവുമുള്ള താങ്കള്‍ ഇങ്ങനെ ഭ്രാന്തചിത്തനാകുന്നത് തീര്‍ത്തും ദുഖകരമാണ് . അവാച്യമായ കറുപ്പഴകിന്റെ പെരുംച്ചന്തം പേറുന്ന താങ്കള്‍ അപകര്‍ഷത എന്ന അടികാണാ ഗര്‍ത്തത്തിലേയ്ക്ക് നിലം പതിക്കരുത്.ലോല ഹൃദയനായ അങ്ങ് പരിഹാസപത്രമാകാതെ ഭാഗ്നോത്സാഹനാകാതെ നരച്ച് നിറം വറ്റിയ സ്വപ്നങ്ങള്‍ക്ക് വിടചൊല്ലി മുന്നോട്ട് പറക്കൂ.അവിടെ പനിനീര്‍പ്പൂ സഞ്ചയത്തില്‍, താങ്കളെ അനവരതം സ്നേഹിക്കാനും പൂജിയ്ക്കനുമായി ഒരു ഭ്രിംഗ സുന്ദരി കാത്തിരിയ്ക്കുകയാണ്.


2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഉമിനീർ ശാകുന്തളം

അച്ഛന്‌ പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫറുമായി രാമപുരത്തേക്ക്‌ വീട്‌ മാറിയപ്പോൾ സേതുമാധവനുവേണ്ടി കരയാനും കാത്തിരിക്കാനും ഒരു ദേവിയുണ്ടായിരുന്നു. (ഓമനക്കുട്ടനെ മത്ത്‌പിടിപ്പിച്ച മോഹൻലാൽ ചിത്രമായ കിരീടം) ഈയുള്ളവന്‌ വേണ്ടി വേദനിക്കാനൊരു ദേവി എന്നാ ഉണ്ടാവുക? തുരുമ്പു പിടിച്ച മേശമേലിരുന്ന്‌ സിനിമാ ഭ്രാന്തനായ ഓമനക്കുട്ടൻ അങ്ങനെ പലതും ചിന്തിച്ചു. താൻ ജനിച്ച ശേഷം ഇതെത്രാമത്തെ വീടുമാറ്റമാണ്‌. സ്വാഭിപ്രായസ്ഥൈര്യവും സ്വന്തം വീടുമില്ലാത്ത അച്ഛന്റെ മകനായിപ്പോയതുകൊണ്ടല്ലേ ഇങ്ങനെ പലവട്ടം ഓമനക്കുട്ടന്‌ ചിന്തിക്കേണ്ടിവന്നത്‌.

തദ്ദേശവും കളിക്കൂട്ടുകാരും.... എന്തിന്‌ അവിടത്തെ പ്രാണവായുപോലും അയാൾക്ക്‌ നഷ്‌ടപ്പെടുകയാണ്‌. ഓമനക്കുട്ടന്റെ ജീവിതം പോലെതന്നെ കട കടാ ശബ്‌ദത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്‌ ‘മാതാവ്‌’ എന്നപേരുള്ള മാറ്റഡോർ വണ്ടി. ഉള്ളിൽ ഡ്രൈവറും ഉടമസ്‌ഥനുമായ ബേബിച്ചായനും മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഈപ്പൻ കിളിയും വഴികാട്ടിയായി ബ്രോക്കർ പരമശിവവും. പിന്നിൽ ചില്ല്‌ പൊട്ടിയ ഒരലമാരയും തേയ്‌മാനം വന്ന മൂന്നാല്‌ ഇരുമ്പുകസേരകളും മടക്കാവുന്ന രണ്ട്‌ കട്ടിലുകളും ഒരു കെൽട്രോൺ ടെലിവിഷനും അല്ലറ ചില്ലറ അടുക്കള സാമാനങ്ങളും പിന്നെ ഓമനക്കുട്ടൻ ചാരിയിരിക്കുന്ന തുരുമ്പുമേശയും.

ശങ്കാലുവായി അച്ഛൻ മോഹനചന്ദ്രൻ പിള്ളയും, വിമനസ്‌കയായി അമ്മ ആനന്ദവല്ലിയും ജാംബവാന്റെ കാലത്തെ കവിളൊട്ടി മുഖമുന്തിയ സ്‌കൂട്ടറിൽ അയാളിരിക്കുന്ന വാഹനത്തിന്‌ അകമ്പടിയെന്നോളം പിന്നാലെതന്നെയുണ്ട്‌.

സ്‌ഥിരമായുള്ള വീടുമാറ്റം അമ്മയുടെ അലച്ചിലുകൾ എല്ലാം പരിഹരിക്കാൻ ഓമനക്കുട്ടന്‌ കഴിയുമെന്നാണ്‌ ജോത്സ്യർ ഐരാണിക്കര അയ്യപ്പപണിക്കർ കവിടി നിരത്തി പ്രവചിച്ചത്‌. വിദ്യാഭ്യാസ ജീവിതത്തിൽ അയാളുടേതായി അവശേഷിക്കുന്നത്‌ കുറേ പരാജയ ഫലങ്ങളും ട്രാൻസ്‌ഫർ സർട്ടിഫിക്കെറ്റുകളും മാത്രം. എന്തായാലെന്താ, അങ്ങ്‌.... സ്വർണം വിളയുന്ന ദുബായിയിൽ പ്രിയപ്പെട്ട ചെറിയച്ഛൻ പ്രേമചന്ദ്രൻ പിള്ള തനിക്ക്‌ വേണ്ടി അന്തസുള്ളൊരു ജോലി ഉറപ്പാക്കിവച്ചിരിക്കയല്ലേ. വിസ കയ്യിൽ കിട്ടേണ്ട താമസം താനീ കാടും പടലും പിടിച്ച ദൈവത്തിന്റെ നാട്ടിൽ നിന്നും പറപറക്കില്ലേ.... അങ്ങകലെ തേനൂറും സ്വാദുള്ള ഈന്തപ്പഴത്തിന്റെ നാട്ടിലേയ്‌ക്ക്‌.

കുണ്ടും കുഴിയും കാട്ട്‌ ചെടികളും മുളളുവേലികളും കൊണ്ടലങ്കരിച്ച താഴാമ്പു മണമുള്ള ഒരിടവഴിയിലേയ്‌ക്ക്‌ വണ്ടി തിരിഞ്ഞു. പരിക്കുകളൊന്നും പറ്റാതെ ഒരു വിധം ഇറങ്ങിച്ചെന്നത്‌ പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു കവലയിലാണ്‌. താങ്ങുവേരിന്റെ സഹായമില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരാൽമരവും അതിന്റെ ചോട്ടിൽ ഊന്നുവടികളുമായി ചില കിളവന്മാരും.... പുത്തൻ താമസക്കാരെ അവർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

കവലതിരിഞ്ഞ്‌ വലത്‌ വശത്തായി ഭംഗിയുള്ളൊരു കെട്ടിടത്തിന്‌ മുൻപിൽ വണ്ടി ബ്രേക്കിട്ട്‌ ബ്രോക്കർ പരമശിവം ചാടിയിറങ്ങി. ഓമനക്കുട്ടന്റെ സ്വപ്‌നത്തിലെ അതേ വീട്‌. പൂമുഖവും, ചിത്രത്തൂണുകളും, കിളിവാതിലുകളുമൊക്കെയായി പുരാതന വാസ്‌തുവിദ്യയെ അനുസ്‌മരിപ്പിക്കുന്ന സുന്ദരസൗധം. 

വാടകക്കാണെങ്കിലെന്താ രാജാവായി വാഴാമല്ലോ. സന്തോഷം കൊണ്ട്‌ അച്ഛന്‌ കെട്ടിപ്പിടിച്ചൊരു ചക്കരമുത്തം സമ്മാനിക്കാൻ അയാൾ വണ്ടിയിൽ നിന്നും കുതിച്ചുചാടി.

ശകാര ശബ്‌ദത്തോടെ പരമശിവം അലറി. അതേ... ഇത്‌ ഹൗസോണറുടെ വീടാ..... താക്കോലും വാങ്ങി ഞാനുടനെ വരാം. നമ്മുടേത്‌ പത്തടി അപ്പുറത്താ.‘

പറഞ്ഞത്‌ പത്തടിയാണെങ്കിലും അരമുക്കാൽ മൈലകലെയായിരുന്നു മോഹനചന്ദ്രൻ പിള്ളക്കായി പറഞ്ഞുവച്ച വീട്‌. സാമനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോഴേയ്‌ക്കും ഓമനക്കുട്ടൻ വിയർത്ത്‌ കുളിച്ചുപോയി. അച്ഛനും പരമശിവനും കൂടി എന്തൊക്കെയോ കുശുകുശുക്കുകയും തർക്കിക്കുകയും ചെയ്‌ത്‌ നൂറിന്റെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പരമിശിവം എല്ലാവരോടും യാത്ര പറഞ്ഞു.

അവരുടെ സ്വകാര്യ സല്ലാപം ഓമനക്കുട്ടനെ കൂടുതൽ ആശങ്കാകുലനാക്കി. ആത്മഹത്യ, ദുർമരണം എന്നീ ദുഷ്‌കർമങ്ങൾ നടന്ന വീടുകളോടാണ്‌ അച്ഛൻ മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ഭ്രമം. കുറഞ്ഞ വാടകക്ക്‌ കൂടുതൽ സൗകര്യത്തോടെ കഴിയമല്ലോ എന്ന മതക്കാരനാണ്‌ പിള്ള. പോരത്തതിന്‌ അന്ധവിശ്വാസങ്ങളിൽ മതിപ്പില്ലാത്ത അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌കാരനും.
തീരെ ചെറുതും വലുതുമായ രണ്ട്‌ മുറികളുണ്ടായിരുന്നു ആ വീടിന്‌. അടുക്കളയും ചായ്‌പ്പും ഓട്‌ മേഞ്ഞതായിരുന്നു. എല്ലാമൊന്ന്‌ ഒരുവിധം ചിട്ടപ്പെടുത്തിയപ്പോഴേയ്‌ക്കും പാതിരാത്രിയായിരുന്നു..... ആനന്ദവല്ലിയുടെ തലയിണപ്പോര്‌ തുടങ്ങിക്കഴിഞ്ഞു. വ്യക്തമായ കാഴ്‌ചപ്പാടുകളില്ലാത്ത ഒരു ഭർത്താവിന്റെ നിസ്സഹായതയോടെ മോഹനചന്ദ്രൻ പിള്ള പല്ലുകടിച്ചു. സത്യത്തിൽ വിവാഹശേഷം ഇതെത്രാമത്തെ വീട്‌മാറ്റമാണെന്ന്‌ പിള്ളയ്‌ക്ക്‌ തെല്ലും തിട്ടമില്ല. ചെക്കന്‌ പതിനെട്ടു കഴിഞ്ഞാൽ പത്തു നാൾക്കകം പറത്താമെന്ന ഭർതൃസഹോദരന്റെ നിറമുള്ള വാഗ്‌ദാനം. ആകെ കൈയ്യിലുണ്ടായിരുന്ന സ്വർണവളകൾ നഷ്‌ടപ്പെടുത്തി പാസ്‌പോർട്ടെടുത്തിട്ട്‌ കൊല്ലം നാലാവുന്നു. മോഹങ്ങൾ വിളമ്പിക്കൊടുത്ത്‌ പഠനമോ തൊഴിലോ ചെയ്യിക്കാതെ മകനെ കുഴിമടിയനാക്കുന്നു. മോഹനൻ പിള്ളയുടെ കൂർക്കംവലിക്ക്‌ മുൻപിൽ ആനന്ദവല്ലിയുടെ ശകാര ശരങ്ങൾ മുനയൊടിഞ്ഞു.

മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ബോസ്‌ സ്‌നേഹത്തോടെ സമ്മാനിച്ച മൊബൈൽ ഫോണിന്റെ ദയനീയമായ കരച്ചിൽ കേട്ടുകൊണ്ടാണ്‌ ഓമനക്കുട്ടൻ ഞെട്ടിയുണർന്നത്‌. ദുബായിയിലെത്തിയാൽ പിന്നെ സ്വച്ഛന്ദമായി ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ലല്ലോ. അവിടെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്‌ മാനായിട്ടാ ജോലി. ദിവസവും എത്രയെത്ര ഭംഗിയുള്ള മുഖങ്ങൾ കാണാം. ഇവിടെ തലക്കനവുമായി പ്രത്യക്ഷപ്പെടാറുള്ള വെള്ളിത്തിരയിലെ താരങ്ങൾ അവിടെ നമ്മോടൊപ്പം സംസാരിക്കും ഡിന്നൽ കഴിയ്‌ക്കും.... എത്ര മധുരമായ അനുഭവങ്ങളായിരിക്കും. ഇതുവരെ ചേക്കേറിയ ഇടങ്ങളിലെല്ലാം പരിഹാസപാത്രമായിരുന്നു. ഇനിയത്‌ സംഭവിക്കരുത്‌, കുലീനനും, മിതഭാഷിയുമായിരിക്കണം.

ജനാലയുടെ പൊട്ടിപ്പൊളിഞ്ഞ വിടവിലൂടെ പ്രകാശം ഓമനക്കുട്ടനെ മാടിവിളിച്ചു. അയാൾ ജനാല തുറന്ന്‌ കോട്ടുവായിട്ട്‌ കണികണ്ടത്‌ തുമ്പപ്പൂവിന്റെ നിറമുള്ള ഒരു കൊച്ചു സുന്ദരിയെ. താൻ കണ്ടിട്ടുള്ള സിനിമകളിലോ സീരിയലുകളിലേയോ പോലെയായിരുന്നില്ല, കവിളത്തും ചുണ്ടത്തും ചായം പുരട്ടാതെ തന്നെ അവളെത്ര സുന്ദരിയാണ്‌. അലങ്കാരങ്ങൾ കൊണ്ട്‌ സമ്പന്നമായ ഒരു കവിത വിരിയാനില്ലാത്തതിനാൽ അയാളാ പെൺകൊടിയ്‌ക്കൊരു പേരിട്ടു ’മഞ്ഞക്കിളി‘.

ദുബായിയിലേയ്‌ക്ക്‌ പറക്കുംവരെ നേരമ്പോക്കിനൊരു കൊച്ചുപ്രേമം അത്രയേ അയാളും ഉദ്ദേശിച്ചിരുന്നുള്ളു. എന്നാൽ ചുരുങ്ങിയ രണ്ട്‌നാൾ കൊണ്ടുതന്നെ ആ മഞ്ഞക്കിളി ഓമനക്കുട്ടന്റെ ഹൃദയത്തിൽ കൂടുകെട്ടിക്കളഞ്ഞു. തൊട്ടടുത്തുള്ള പശുവുള്ള വീട്ടിൽ പാലിനായിട്ടാണ്‌ അവളെത്തുന്നത്‌. ഇനി പേരറിയണം, മനസ്‌ തുറക്കണം. ഈ ഓമനക്കുട്ടനെന്ന പരിഷ്‌കാരമില്ലാത്ത പേര്‌ കേൾക്കുമ്പോൾ അതോർക്കുമ്പോൾ ധർമസങ്കടവും. ഇഷ്‌ട താരങ്ങളായ ലാലേട്ടനോ, ദിലീപോ ഈ പേരിലൊന്ന്‌ നടിച്ചിരുന്നെങ്കിൽ.... അതുവരെ കാത്തിരിക്കാനും കഴിയില്ലല്ലോ ഈശ്വരാ...

അന്വേഷണത്തിന്റെ മൂന്നാംനാൾ സന്തോഷമുള്ള ആ സത്യം അയാളറിഞ്ഞു. തന്റേത്‌ പോലെ പരിഷ്‌കാരമില്ലാത്ത പേരാണ്‌ അവളുടേതും, ഓമനക്കുട്ടനും ശകുന്തളയും.... എന്താ ചേർച്ച. സ്‌നേഹിച്ച്‌ കൊതിതീരും മുൻപേ താൻ ദുബായിലേയ്‌ക്ക്‌ പറക്കും അതറിയുമ്പോൾ അവളെത്രമാത്രം വേദനിക്കും. എല്ലാം നമുക്ക്‌ സുഖമായി ജീവിക്കാൻ വേണ്ടിയല്ലേ. പാവം വിരഹോൽക്കണ്‌ഠിത, വിരഹവേദനയാൽ പരവശയായ നായിക. നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷാശ്രു , അയാളുടെ മനസിൽ ഒരായിരം പൂത്തിരി വിരിഞ്ഞു.

കവലയിലെ ആൽമരച്ചോട്ടിൽ ഒത്തുചേരാറുള്ള വൃദ്ധരോടൊപ്പം അയാളും ഇടം കണ്ടെത്തി. അതുവഴിയാണ്‌ തന്റെ പന്ത്രണ്ടാം ക്ലാസുകാരി ശകുന്തള സ്‌കൂൾ കഴിഞ്ഞു മടങ്ങിവരുന്നത്‌. സായാഹ്‌നത്തിലുള്ള സ്‌ഥരിമായ കാത്തിരിപ്പ്‌ പലരിലും ജിജ്ഞാസയുണർത്തിക്കഴിഞ്ഞു. ആരെയാ ഇങ്ങനെ കാത്തിരിക്കുന്നത്‌? ചോദ്യത്തിന്റെ ആവർത്തനവിരസത ഒടുവിൽ ശല്യമായിത്തീർന്നു. വൃശ്ചികക്കുളിരിൽ ഇലകൾ കൊഴിഞ്ഞു തുടങ്ങിയതോടെ, കാത്തിരിപ്പുകാരുടെ എണ്ണം കുറഞ്ഞു. എന്നിട്ടും ഓമനക്കുട്ടന്റെ കാത്തിരിപ്പിന്‌ അറുതി വന്നില്ല. തന്റെ ശകുന്തളയോട്‌ എന്തെങ്കിലും മിണ്ടാനുള്ള ധൈര്യത്തിനായി അയാൾ പ്രാർത്ഥിച്ചു. അവൾ അതുവഴി പോയിക്കഴിഞ്ഞാലും മറ്റാരെയോ പ്രതീക്ഷിക്കുന്നത്‌ പോലെ നടിക്കുമായിരുന്നു. ഇരുട്ട്‌ വീഴുമ്പോൾ ശകുന്തളയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി നടക്കുക പതിവാക്കി.

പരസ്‌പരം കണ്ടിഷ്‌ടമായിട്ട്‌ മാസം ഒന്നു കഴിഞ്ഞു. ഇതുവരെ ഒന്നു മിണ്ടാൻ കൂടി താല്‌പര്യം കാണിക്കാത്തതിൽ നന്നേ പരിഭവമുണ്ടാകും. താനൊരു ഗൗരവക്കാരനാണെന്നും, ഇത്തരം പ്രലോഭനങ്ങളിലൊന്നും തന്നെ വഴുതി വീഴാത്ത അചഞ്ചലനാണെന്നും മനസിലാക്കുമ്പോൾ അവളുടെ കുട്ടേട്ടനോട്‌ അവൾക്കുള്ള സ്‌നേഹവും മതിപ്പും ഇരട്ടിയാവും, ആ ഗ്രാമത്തിലെ ഒത്തുചേരലിന്റെ മഹോത്സവമായ എള്ളുവിളാകം പുലിത്തക്കാവിലെ പൂരത്തെ ഗ്രാമവാസികൾ സാനന്ദം വരവേറ്റുകഴിഞ്ഞു. താൽക്കാലികമായി വച്ചുപിടിപ്പിച്ച തെരുവുവാണിഭങ്ങളും, കളിക്കോപ്പുകളും, മുടിപ്പുരയും, അനുഷ്‌ഠാന കലകളും തയ്യാറായിക്കഴിഞ്ഞു. കഥയിലെ രാജകുമാരിയും ഗോപകുമാരനും അവിടെവച്ച്‌ ഒന്നാവും. ആ ഹൃദയസരസിൽ അനുരാഗത്തിന്റെ നിറദീപം തെളിയിക്കാനായി അയാൾ കാത്തിരുന്നു.

കസവുടുപ്പും പാവാടയുമണിഞ്ഞ ശകുന്തളയ്‌ക്ക്‌ എന്നത്തേക്കാളും ചന്തം കൂടുതലുള്ളതായി അയാൾക്ക്‌ തോന്നി. ആദ്യമായി മനസുതുറക്കുമ്പോൾ സമ്മാനിക്കാനായി കുറേ കുപ്പിവളകൾ കരുതിവച്ചിരുന്നു. അവരുടെ ശ്രദ്ധയിൽപ്പെടാതെ തൊട്ടടുത്ത്‌ മാറിനിന്ന്‌ അയാളുടെ പ്രതീക്ഷയിലെ രൂപ ലാവണ്യത്തെ ആപാദചൂഢം ആസ്വദിക്കുകയായിരുന്നു.

ഒരു കൊടുങ്കാറ്റ്‌ പോലെ ഒരു പറ്റം അലമ്പാർ അതുവഴി 
കോലാഹലവുമായി കടന്നു പോയി. ഇത്തവണ പൂവാലന്‌മാർ ഇമ്മിണി കൂടുതലാണേ.... ആരോ കമന്റടിച്ചു. ശകുന്തളയുടെ മാതാവ്‌ തിരിഞ്ഞടിച്ചു; ഓ ഇവരെ ഇത്തരം വിശേഷങ്ങളിൽ മാത്രം സഹിച്ചാമതിയല്ലോ. ആ കവലയിൽ കൂടാറുള്ള കിളവവൻമാരെയാണൽ സഹിക്കാനേ പറ്റാത്തത്‌, തുപ്പലൊഴുക്കികൾ! പോരാത്തതിന്‌ ഒരു വായിനോക്കിചെക്കനും വന്നുകൂടിട്ടുണ്ട്‌; വൃത്തികെട്ടവൻ.

അവരുടെ വാക്കുകൾ സുനാമിത്തിരമാലകൾ പോലെ ഓമനക്കുട്ടന്റെ മാന്യതകളെ മൊത്തമായി വിഴുങ്ങിക്കളഞ്ഞു.
മറുപടിയെന്നോളം കരുണാർദ്രമായി ശകുന്തള പറഞ്ഞു. അങ്ങനെ പറയരുത്‌ അയാളൊരു പാവമാണ്‌.

സാന്ത്വനത്തിന്റെ കുളിരുള്ള ഒരിളംകാറ്റ്‌ അയാളെ മെല്ലത്തലോടി. അതെ! തന്റെ കാതലിയ്‌ക്ക്‌ തന്നോടുള്ള പ്രേമത്തിന്റെ അഗാധമായ അടിവേരുകളെ പിഴുതെറിയാൽ ഒരു കാട്രിനയ്‌ക്കും കഴിയില്ല.
നീയാ ചെക്കനെ അറിയുമോ? അവളുടെ മറുപടിക്കായി അയാൾ കാതോർത്തു.

അറിയും, മേ​‍േൽക്കരയിലെ കൂട്ടുപലിശേടെ വീട്ടിൽ പുതുതായി വന്ന വാടകക്കാരൻ അങ്കിളിന്റെ മോനാ. ആ ചെക്കനൊരു മന്ദബുദ്ധിയെന്നാ കേട്ടത്‌. പാവം ആ മുഖം കണ്ടാലറിയില്ലേ?

ഓമനക്കുട്ടന്റെ ചങ്കിലെന്നോളം ഉത്സവപ്പറമ്പിൽ നിന്നും ഇടിനാദത്തോടെ കതിനകൾ തെരുതെരെ പൊട്ടി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും ആദിത്യനിലും അണുകൃമിയിലുമുണ്ടെന്ന്‌ മഹാകവി പാടിയ തീവ്രമായ പ്രണയം തിരിച്ചറിയാൻ കൂടി കഴിവില്ലാത്ത ആ ജനസഞ്ചയത്തിൽ നിന്നും, ചെറിയച്ഛന്റെ ദുബായി ലക്ഷ്യമാക്കി അയാൾ നടന്നു നീങ്ങി.


ഭീമനച്ഛൻ

മഴയിൽ തണുത്ത മണ്ണിൽ വിരിഞ്ഞ ഒരായിരം കൂണുകൾ, അതിലെത്രയെണ്ണത്തിന് വിഷമുണ്ടാവും? പൂപ്പൽമണമുള്ള അവിടെയ്ക്ക് 
പതുങ്ങി ചെന്നാൽ ശീൽക്കാര ശബ്ദത്തോടെ പാമ്പോ ചേരയോ തലപൊക്കും.

നിരാശ താടിരോമാങ്ങളായി മുഖം വൃത്തിയാക്കാൻ 
ക്ഷൗരം ചെയ്യാൻ കാശില്ലാതെ മഴമടിയനായി വീടിന്റെ പിന്നാമ്പുറത്തെവിടയോ മൂകനായിരിയ്ക്കുന്ന ഉണ്ണികൃഷ്ണന് ചിന്തിയ്ക്കാൻ പാമ്പും പറവകളും തന്നെ ധാരാളം.

കേവലം അഞ്ചാം വയസിൽ അകാലചരമം പ്രാപിച്ച ഒരു മുത്തച്ഛന്റെ അഭാവമാണ് ഈ ഇരുപത്തഞ്ചാം വയസ്സിലും ഉണ്ണികൃഷ്ണനെ നിരാശയുടെ താടിരോമാക്കാരനാക്കുന്നത്.അഞ്ചു വയസ്സുള്ള മുത്തച്ഛനോ? ചോദ്യം ശരമായി മാറിയാൽ: അത് വലിച്ചെടുത്ത് ആവനാഴിയിലിട്ട് അയാൾ ഉത്തരം നൽകും.

അതെ അമ്മയുടെ അച്ഛന്റെ അമ്മ എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഇരട്ടകുട്ടികളെ പ്രസവിച്ചു.അതിൽ ഒരാൾ കംസനും മറ്റേയാൾ അക്രൂരനുമായിരുന്നു.അതിൽ നല്ലവനായ അക്രൂരൻ അഞ്ചാം വയസിൽ ബാലാരിഷ്ടതകളിൽ പൊലിഞ്ഞുപോയി.

ദുഷ്ടനായ കംസൻ ഇന്നും എനിയ്ക്ക് പാരയായി ജീവിയ്ക്കുന്നു.അയാൾ ഉഗ്രവിഷമുള്ള കാർക്കോടകനാണ്.മനസ്സിനെയും ശരീരത്തേയും വാർദ്ധക്യത്തിന് വിട്ടുകൊടുക്കാത്ത സ്വാർതനായ ബലിഷ്ഠൻ. അരനൂറ്റാണ്ട് മുൻപ് ഈ സുന്ദരപുരുഷനെ സ്വന്തമാക്കിയ സ്വാധീനപഥികയാണ് അമ്മാളുവാരസ്യാർ എന്ന എന്റെ മുത്തശ്ശി. 

അവർ കഴിഞ്ഞ വൃശ്ചികത്തിൽ മരിച്ചപ്പോഴും വാവിട്ടു കരയാതെ മൌനംപാലിച്ച ചങ്കുറപ്പുള്ളവൻ. ഞങ്ങൾ പേരക്കിടാങ്ങൾ അദ്ദേഹത്തെ വിളിയ്ക്കുന്ന പേരാണ് ഭീമനച്ഛൻ.
.
ഇതുപോലൊരു സുന്ദരപുരുഷനെ തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ എന്റെ അമ്മയും പ്രണയിച്ചത്. യാഥാസ്ഥിതികനായ  ഭീമനച്ഛന്റെ ധാർഷ്ട്യത്തിന് മുൻപിൽ ആ നല്ല മനുഷ്യനെ എന്റെ അമ്മയ്ക്ക് നഷ്ടമായി.

പകരം ഭീമനച്ഛന്റെ വകയിലൊരു അനന്തിരവനായ മറ്റൊരു കംസന്റെ പുത്രനായി എനിയ്ക്ക് ജനിയ്ക്കേണ്ടി വന്നു.അയാൾ നാടുനീളെ വേളിയുണ്ടും വേളികഴിച്ചും ഒരുനാൾ നാടുനീങ്ങി.

ആ ദുഷ്ട പിതൃത്വമാണ് ഇന്നും നിത്യനിരാശയായി എന്നെയും അമ്മയേയും വേട്ടയാടുന്നത്. ഇപ്പോഴാണ് ആ അഞ്ചാം വയസിൽ പൊളിഞ്ഞുപോയ നല്ലവനായ മുത്തച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത എന്റെയുള്ളിൽ ഒരാശ്വാസത്തിന്റെ തലോടലായി മാറിപ്പോകുന്നത്.

അതെ ഒക്കെ ശരിയാണ്, ഇരുപത്തിയാറ് വർഷം മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേര്പറഞ്ഞ് ഒരുമനുഷ്യനെ ധിക്കരിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതെല്ലാം രീതിയിൽ അദ്ദേഹം പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു.

ആ അമ്മയേയും മകനെയും തന്നോട് ചേർത്തുനിർത്തി അദ്ദേഹം എത്രകണ്ട് സ്നേഹിച്ചു.കേവലം ഒരു നാട്ടുവൈദ്യൻ എന്നുപറഞ്ഞു തള്ളിക്കളയാതെ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ ആ മനസ്സിന്റെ വീര്യം പോലെതന്നെ അദ്ദേഹത്തിന്റെ മരുന്നുകളുടെയും ചികിത്സകളുടെയും മഹത്വം മനസ്സിലാക്കാവുന്നതെയുള്ളൂ. 

സത്യത്തിൽ ആ വലിയ മനുഷ്യന്റെ  കയ്യിൽ മൃതസഞ്ജീവനി ഉണ്ടെന്നാണ്  ജനശ്രുതി. ഉണ്ണികൃഷ്ണന് അദ്ദേഹത്തോടുള്ള വൈരം തീരുംവരെ ഒന്നും അംഗീകരിയ്ക്കില്ല അതാണ്‌ സത്യം.എന്നിട്ടും ഒരു ദുഷ്ട പിതൃത്വത്തിന്റെ പേരുപറഞ്ഞു സ്വയം നശിയ്ക്കാൻ ഇറങ്ങിതിരിച്ചാലോ?

ഉണ്ണികൃഷ്ണ എന്നെങ്കിലുമൊരിയ്ക്കൽ നിനക്ക്  ഭീമനച്ഛന്റെ സ്നേഹത്തിന് മുപിൽ തോറ്റുകൊടുക്കേണ്ടിവരും.

അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയും ചെയ്തു.

മാറിനിന്ന് അമ്മയോട് ഭീഷണി സ്വരത്തിൽ എന്തോ പുലമ്പി അയാൾ ഇറങ്ങിപ്പോയി.

സംഗതി ശരിയാ വലിയ നിഷേധിയായിട്ടാ മൂപ്പരുടെ പോക്ക്. ആയുർവേദ കോളേജിലയച്ചു മിടുക്കനായ ഡോക്ടറാക്കണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം.എന്നാൽ ഒരു വാശിയ്ക്ക് എന്ജിനീയറിംഗ് പഠിച്ചു പാതി വഴിയിൽ
വള്ളിപൊട്ടിനടക്കുകയാ പുള്ളിക്കാരൻ.

വീടിന്റെ മതിൽക്കെട്ടിന് വെളിയില ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന് വശമുള്ള മൃതസംജീവനി എവിടെപ്പോയി

അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യന് കട്ടപിടിച്ച ചോരയുടെ നിറമായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന് നിലവിളിച്ചു.എല്ലാ ലൈറ്റുകളും പ്രകാശിച്ചു.

സ്വപ്നമാണെങ്കിൽകൂടി ആ വിയോഗം അയാളുടെ ഹൃദയമിടിപ്പ്‌ കൂട്ടി.തന്റെ മുന്നിൽ ജീവനോടെയിരിയ്ക്കുന്ന ഭീമനച്ഛനെ അയാൾ കെട്ടിപ്പുണർന്നു.ഒരൗൻസ് കക്ഷായവും പ്രാർതനയുമായി രാത്രി വെളുത്തു, ഒപ്പം നിരാശയുടെ താടിരോമങ്ങളും.

വൈരം സ്നേഹമായലിഞ്ഞപ്പോൾ മനസിനെയും ചിന്തകളെയും ആ പാദങ്ങളിൽ അർപ്പിച്ച് പൗത്രനായ ഉണ്ണികൃഷ്ണൻ അർപ്പണബോധമുള്ള ശിഷ്യനായി മാറുകയായിരുന്നു.അയ്യ്ലുദെ നിരാശകളും വേദനകളും കാറ്റിൽ പറത്തി അവരാ ദിവസം ആഘോഷിച്ചു.

പച്ചമരുന്നുകൾ കണ്ടാൽ തിരിച്ചറിയാനുള്ള പരിശീലനമായിരുന്നു ആദ്യത്തേത്.കടുത്ത ശിഷണവും വാത്സല്യവും കൊണ്ട് വീർപ്പുമുട്ടിയ്ക്കുകയായിരുന്നു ആ മുത്തച്ഛൻ.

കത്തുന്ന വേനലിൽ സൂര്യൻ ഉചിയിലായതോടെ നാട്ടിലെ കുളങ്ങളും കിണറുകളുമൊക്കെ വറ്റിവരണ്ടു. കർക്കശക്കാരനായ ഭീമനച്ഛൻ ഔഷധനിർമാണത്തിനായി കിണറ്റിലെ വെള്ളം മാത്രമേ ഉപയോഗിക്കാറുള്ളൂ. 

അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്ക് റോഡരികിലുള്ള സർക്കാർ പൈപ്പേ ശരണം.

അങ്ങനെയിരിയ്ക്കുംപോഴാണ് ഉണ്ണികൃഷ്ണന്റെ ബെസ്റ്റ് ഫ്രെണ്ടായ എന്നെത്തേടി കടലുകടന്ന് ചിറകുള്ള ഒരു സൗഭാഗ്യം പറന്നുവന്നത്. വെറും ഒന്നരലക്ഷം രൂപയ്ക്ക് മലേഷ്യയിൽ അഞ്ചക്ക ശമ്പളമുള്ള ഉശിരാൻ ജോബ്‌ വിസ്സ.

എനിയ്ക്കവകാശപ്പെട്ട ഭൂമിയിൽ നിന്നും ഒരുതുണ്ട് നഷ്ടപ്പെടുത്തി ഞാൻ മലേഷ്യയിലേയ്ക്ക് പറന്നുയർന്നു. പറഞ്ഞുറപ്പിച്ചപോലെ എന്നെ സ്വീകരിയ്ക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.പകരം കറുത്ത കോട്ടിട്ട ചിലര് എന്നെയും കൊണ്ട് പലയിടത്തും കറങ്ങി, ബഹളമുണ്ടാക്കി,ഉപദ്രവിച്ചു,ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി.

കരഞ്ഞു കരഞ്ഞു കുറെ കാറ്റ് കറുമ്പൻമാരുടെ കൂട്ടത്തിൽ ഏതോ ഒരു തടവറയിൽ ഞാനും കഴിഞ്ഞുകൂടി.എന്റെ പകുതി വേവുള്ള തമിഴിൽ ഞാൻ ചിലതൊക്കെ ഞെട്ടലോടെ മനസിലാക്കി.

ചെന്നുപെട്ടിരിയ്ക്കുന്നതു രാവണ രാജ്യമാണെന്നും അവരുടെ കണ്ണില ഞാനൊരു പുലിയാണെന്നും അവർ കൂടെക്കഴിഞ്ഞവർ പറഞ്ഞുതന്നു. ഉറ്റവരുടെ പ്രാര്തനയും ചില രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണമാകാം നാലര മാസത്തെ ദുരിത പർവത്തിനൊടുവിൽ ഞാൻ തിരിച്ചെത്തി.അപ്പോഴേയ്ക്കും എന്നെ പറത്തിയവരൊക്കെ പറന്നുകഴിഞ്ഞു.

ചുരുങ്ങിയ കാലംകൊണ്ട് നാടാകെ മാറിയിരിയ്ക്കുന്നു. ഉണ്ണികൃഷ്ണൻ ആളങ്ങു പച്ചപിടിച്ചു. വീടിനോട് ചേർന്ന് ഒരു വൈദ്യശാല തുടങ്ങിയിരിയ്ക്കുന്നു. 

ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തേടി അയാൾ ഗവേഷണത്തിലാണ്. ഭീമനച്ഛന്റെ രണ്ടു സഹായികൾക്ക് പറമ്പിലെ നാളികേരം വിറ്റ്‌ കൂലി കൊടുത്തിരുന്ന ആ അവസ്ഥയൊക്കെ മാറി 

തിരക്കൊഴിയാത്ത ഒരു വർത്തമാനകാലം തത്തംപുള്ളി തറവാട്ടിനെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.

അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ഉണ്ണികൃഷ്ണന്റെ സ്നേഹസമ്മർദ്ദത്തിന് വഴങ്ങി 

,ചികിത്സ തേടി വൈദ്യശാലയിലെത്തുന്നവരെ ചികിത്സിക്കണമെന്ന വ്യവസ്ഥമേൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

വീടിന്റെ മതിൽക്കെട്ടിന് വെളിയില ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന് വശമുള്ള മൃതസംജീവനി എവിടെപ്പോയി

കാർമേഘങ്ങൾ നിറഞ്ഞ മാനത്തിന് മരണത്തിന്റെ കറുപ്പായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന് നിലവിളിച്ചു. 

എല്ലാം ഒരു സ്വപ്നമാകാൻ കൊതിച്ചു പോയി.ആരൊക്കെയോ ആംബുലൻസി നടുത്തെയ്ക്ക് ഓടിയടുത്തു. ചാറ്റൽമഴയത്ത് ആളുകൾ വട്ടംകൂടി.

പിറന്നകാലം മുതൽ ആ നെഞ്ചിലേറ്റി ലാളിച്ചും ആ തോളിലേറ്റി താലോലിയ്ക്കുകയും ചെയ്ത നിസ്വാർതനായ പിതാമഹാൻ.മാനത്തെ താരങ്ങളും അമ്പിളിമാമനും ബന്ധുക്കളായതും, പഞ്ചതന്ത്രം കഥയിലെ പാത്രങ്ങൾ കൂട്ടുകാരായതും ഭീമച്ഛനിലൂടെയാണ്. നാവിൽ സ്വർണാക്ഷരം കുറിച്ചതും കാതിൽ ബാലപാഠങ്ങൾ ഒതിയതും അദ്ദേഹം തന്നെയാണ്. എപ്പോഴോ മനസ്സിൽ തിരിച്ചറിവെന്നു തെറ്റിദ്ധരിച സാത്താൻ കടന്നുകൂടിയതോടെ അദ്ദേഹത്തിൽ നിന്നും അകലാൻ ശ്രമിച്ചു തുടങ്ങി.ആ മനുഷ്യനെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും ഒരായിരം നിമിത്തങ്ങൾ പാഞ്ഞെത്തിയ നാളുകൾ. 

അദ്ദേഹത്തെ അപമാനിയ്ക്കാനും അധിക്ഷേപിയ്ക്കാനും കിട്ടിയ അവസരോങ്ങളെക്കെയും പരമാവധി പ്രയോചാനപ്പെടുത്തി. ഈശ്വരാ മഹാകഷ്ടം! 

എല്ലാം മറന്നു അദ്ദേഹത്തോടടുത്തു.അദ്ദേഹത്തിന്റെ സ്നേഹ പരിലാളനങ്ങളിൽ അയാൾ വീണ്ടും സമൃദ്ധനായി .ആ മഹാ മനുഷ്യനെ സ്നേഹിച്ചും ശുശ്രൂഷിച്ചും കൊതിതീർന്നില്ല. ആയിരം കുതിരശക്തിയിൽ വേദനത്തിരമാലകൾ ഹൃദയഭിത്തിയിൽ ആഞ്ഞടിയ്ക്കുകയാണ്.

ആംബുലൻസിനരികിൽ നിന്നും രണ്ടുപേർ ഓടിവന്നു. ഏയ്‌ ....പേടിയ്ക്കാനോന്നുമില്ല..റോഡരികിലുള്ള സർക്കാർ പപ്പിൽ നിന്നും വെള്ളമെടുക്കാൻ വണ്ടി ചവിട്ടിയതാ...എഞ്ചിൻ നല്ലോണം ചുട്ടു പഴുതിട്ടാ ....

ശബ്ദം നിലച്ച കണ്ണ്ടവും ചേതനയറ്റ മനസ്സുമായി അയാൾ ചുവരിൽ ചാരിയിരുന്നു.ആ ശരീരത്തിന്റെയും മനസിന്റെയും ചലനശേഷി ഒരു നെടുവീർപ്പിൽ നഷ്ടമായി എന്നത് അവിശ്വസനീയമായ സത്യമായിരുന്നു.

പടക്കുതിരയുടെ കരുത്തും മൃതസംജീവനിയുടെ ഒജസുമുള്ള ഭീമനച്ഛന്റെ പരിലാളനങ്ങൾക്ക് ചിരിയ്ക്കുകയും ചിന്തിയ്ക്കുകയും ചലിയ്ക്കുകയും ചെയ്യുന്ന ആ ഊർജ്വസ്വലനായ ഉണ്ണികൃഷ്ണനെ വാർത്തെടുക്കാൻ കഴിയട്ടെയെന്ന് നിറകണ്ണുകളോടെ പ്രാർത്ഥിച്ചുകൊണ്ട് സ്വന്തം ബെസ്റ്റ് ഫ്രണ്ട് .