2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഡോക്ടർ ദന്തബന്ധു

മണിക്കൂറിൽ നൂറോളം ബീഡി കുറ്റികൾ നിലം പതിയ്ക്കുന്ന ഒരു ചങ്ങാതത്തിലേയ്ക്ക് ചേക്കേറിയതോടെപട്ടയും കട്ടൻ ബീഡിയുമെല്ലാം നന്ദകുമാറിന്റെ ദിനചര്യകളിലെ വെട്ടാൻ പറ്റാത്ത പട്ടികയിൽ പെട്ടുപോയി.

കോളേജ് കാമ്പസിലെ സഹയോഗ്യന്മാരെ മാറ്റിനിർത്തിയാണ്‌ ഉദാരസംസ്കാരമില്ലാത്ത വികടന്മാരുടെസാമന്തനായി അയാൾക്ക് മാറേണ്ടി വന്നത്. 

നന്ദകുമാറിന്റെ  കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും,ഹൃദയമിടിപ്പളക്കുന്ന സ്റ്റെതസ്കോപ്പും വിവരമുള്ള തലയും വിവരദോഷികൾക്ക് എന്നും ഹരമായിരുന്നു. 

നാളത്തെ ഡോക്ടർ സാർ അവരോടൊപ്പം ചീട്ടുകളിയ്ക്കുന്നു,കള്ളുകുടിയ്ക്കുന്നു,ബീഡി പുകയ്ക്കുന്നു.വാൽമാക്രി മൂസയും,കുത്തിപ്പൊളി സദാനന്ദനും,വെപ്രാളം വേണുവും, കുപ്പി ദാസനുമെല്ലാം അതൊരു സൌഭാഗ്യമായി കണ്ടിരുന്നു.

ബാല്യകാലം ഏതാണ്ട് നിത്യരോഗി തന്നെയായിരുന്ന നന്ദകുമാറിനെ സർവാദരണീയനായ ഒരു ഡോക്ടറാക്കുകഎന്നത് അച്ഛന്റെ വെറുമൊരു ആഗ്രഹംമാത്രമായിരുന്നില്ല. പന്ത്രണ്ടാം തരം ഒന്നാമനായിപാസായതോടെ വാങ്ങികൂട്ടുന്നതാണ് ഒരു ഡോക്ടർക്ക് വേണ്ട  സാമഗ്രികളെല്ലാം.

എന്നിട്ടും എല്ലാവരുടെയും സ്വപ്‌നങ്ങൾ തച്ചുടച്ച്‌  അയാൾബിരുദപഠനം തൊപ്പിയിട്ട് അവസാനിപ്പിച്ചു.
കൌമാരത്തെ തരിശാക്കിയ ചാപല്യങ്ങൾ, നിലയ്ക്ക് ചേരാത്ത കൂട്ടുകെട്ടുകൾ,എല്ലാം ഒരു വേലിയിറക്കം പോലെ വഴിമാറിയപ്പോൾ, അച്ഛന്റെ ആഗ്രഹത്തിന്റെ വ്യാപ്തിയും അദ്ദേഹത്തിന്റെ ഉള്ളിൽ ഘനീഭവിച്ച നിരാശയു നന്ദകുമാറിനെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു.

അച്ഛന്റെ പരിതാപകരമായ ജീവിതത്തിലേയ്ക്ക് അയാൾ കന്ണോടിച്ചു. പ്രാരാബ്ധങ്ങളുടെ അക്ഷഭാരത്തിൽതളർന്നു വീഴാറായ അദ്ദേഹം ചില ഉറ്റവരുടെ നിർബന്ധത്തിന് വഴങ്ങി യൗവനാവസാനത്തിൽ വിവാഹിതനായി.

കാലങ്ങളുടെ കാത്തിരിപ്പിൽ ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബിനി മണ്മറഞ്ഞു.സങ്കടനടുവിൽ വളർത്തിയെടുത്തമകൻ മലീമസ സമ്പർക്കങ്ങളിൽ ഇങ്ങനെയും.
ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാത്ത അച്ഛനെ വർണാഭമായ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുവരണം.

കാലങ്ങൾക്ക് മുൻപ് തനിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കേണ്ടിവന്ന അച്ഛന്റെ ശിഥിലമായ ചന്തകളെ ഉയിർത്തെഴുന്നേൽപ്പിച്അദ്ദേഹത്തെ ഊർജസ്വലനാക്കണം.

സമയം ഇനിയും വൈകിയിട്ടില്ല, അർപ്പണബോധവും ആത്മവിശ്വാസവുമുണ്ടെങ്കിൽ പഠിച്ചും ഗവേഷണം നടത്തിയും ഡോക്ടറാകാവുന്നതേയുള്ളൂ. 

നന്ദകുമാറിന്റെ ഉത്ക്കർഷേശ്ച മനസിലാക്കി ആരൊക്കെയോ അയാളെ ഉത്തേപിച്ചു.

ഡോ. എ.പി.ജെ.അബ്ദുൽ കലാം, ഡോ.കെ.ജെ.യേശുദാസ്,ഡോ.സുകുമാർ അഴീക്കോട്.... അങ്ങനെ വൈദ്യശാസ്ത്രം പഠിയ്ക്കാതെയും അപ്പോത്തിക്കരിയാവാതെയും എത്രയെത്ര ഡോക്ടറന്മാരാ ഈ ഭൂലോകത്തുള്ളത്!

നിർമ്മാണകൌശലത്തിൽ ജന്മനാ തൽപ്പരനായ നന്ദകുമാറിന്റെ ഗവേഷണോദ്ദ്യമത്തെ പലരും പ്രശംസിച്ചു.വിഷയം വ്യതസ്ഥമാകണം അപ്പോൾ ജിജ്ഞാസയും ഉത്സാഹവും വർദ്ധിയ്ക്കും, വിവരമുള്ളവർ ഓർമിപ്പിച്ചു.

അപ്രതീഷിതമായ അയാളിലെ മാറ്റങ്ങൾ അച്ഛനെ ഏറെ സന്തോഷിപ്പിച്ചു. 

ജീവിതരീതികളിലും ചിട്ടകളിലും വരെ അതിശയിപ്പിയ്ക്കുന്ന മാറ്റങ്ങൾ.
വിഷയം കണ്ടെത്താനായി മാത്രം ആഴ്ചകൾ വേണ്ടിവന്നു.ആശങ്കകൾക്ക് അടിവരയിട്ട് അയാൾ കണ്ടത്തി പായലുകൾ!

അതെ പായലുകളെക്കുറിച്ചുള്ള പഠനം, ശിലാവൽക്കല സസ്യശാസ്ത്രം.പുതുമയുള്ള വിഷയവും നല്ല ഉദ്ദ്യമവുമാണെന്ന് അഭ്യുദയകാംഷികൾ പറഞ്ഞു. കാരണം സസ്യശാസ്ത്രം അയാൾക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു.

പായലുകൾ നിറഞ്ഞ വൈവിധ്യമായ പാതയിലൂടെ അയാൾ സഞ്ചരിച്ചു തുടങ്ങി.നിറത്തിലും രൂപത്തിലുമെല്ലാം വിഭിന്നമായ പലതരം വിഭാഗങ്ങൾ. ഉഷാറുള്ള യാത്രകൾ, വിലയേറിയ പുസ്തകങ്ങൾ, അറിവുള്ള പണ്ഡിതന്മാർ. ഉറക്കമിളച്ചുള്ള ഇന്റർനെറ്റ്‌ തെരച്ചിലുകൾ, സമഗ്രമായ പഠനറിപ്പോർട്ടുകൾ.....ആഴ്ചകൾ പിന്നിട്ടു. 

പായൽ പിടിയ്ക്കാത്ത കല്പ്പടവുകളോ കോട്ടകൊത്തളങ്ങളോ അയാൾക്കിഷ്ടമില്ലാതെയായി. 

ആഹ്ലാദം നിറഞ്ഞ ആ യാത്രയിലെവിടയോ കാലൊന്ന് തെന്നി.നഷ്ടമായത് രണ്ട് പല്ലുകൾ!
തലവര സ്കാൻ ചെയ്ത് കമ്പ്യൂട്ടർസ്ക്രീനിൽ പ്രത്യക്ഷപ്പെടുത്താനുള്ള സംവിധാനം നിലവിലില്ലാത്ത സ്ഥിതിയ്ക്ക്,എന്തുവന്നാലും പിന്തിരിയില്ല എന്ന ചങ്കുറപ്പുമായി നന്ദകുമാറിന് ഒരു ദന്തഡോക്ടറുടെ പരിചരണത്തിൽ രണ്ടാഴ്ചകഴിയേണ്ടിവന്നു.

പഠനത്തിന്റെ ആവേശം ചോർന്നുപോകാതിരിയ്ക്കാൻ അയാൾ ജാഗ്രത പാലിച്ചു.
സഹചാരിയെന്നോളം പിറകേകൂടിയ ചാഞ്ചല്ല്യം അയാളുടെ ചിന്തകളെ വ്യതിചലിപ്പിച്ചു.ഗവേഷണത്തിന്റെ ദിശ മാറ്റി പല്ലുകളെക്കുറിച്ചായാലോ

പാതിവഴിയിൽ ഉപേക്ഷിയ്ക്കേണ്ടിവരില്ല.ചരുക്കം ചില ജീവികലൊഴിച്ചാൽ എല്ലാത്തിനും പല്ലുകളുമുണ്ട്. അവസരോചിതമായ ചില തീരുമാനങ്ങൾ പലരെയും പരമോച്ചത്തിലെത്തിച്ചിട്ടുമുണ്ട്. 

നഷ്ടപ്പെട്ട രണ്ട്പല്ലുകൾക്ക് പകരം ബഹുമതികൾ...പുരസ്ക്കാരങ്ങൾ ...അങ്ങനെ പലതും.
മനസിലുള്ളത് ഡോക്ടറെ ധരിപ്പിച്ചപ്പോൾ, അച്ഛന്റെ ആഗ്രഹ സാക്ഷാത്ക്കാരതിനായി ഇറങ്ങിത്തിരിച്ച ഒരു മകന്റെ ചിത്തം അദ്ദേഹത്തിന്  കാണാൻ കഴിഞ്ഞു.

 എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു,ഒപ്പം കുറേപുസ്തകങ്ങളും സമ്മാനിച്ചു.
ഉത്സാഹത്തിൽ നിന്നും ആർജിച്ച വീര്യവുമായി നന്ദകുമാർ പല്ലുകളുടെ പാതയിലൂടെ ബഹുദൂരം സഞ്ചരിച്ചു.ഒപ്പം ചൂട്ടുപിടിയ്ക്കാൻ പലപ്പോഴും ദന്തഡോക്ടറും ഉണ്ടായിരുന്നു.

എന്നാൽ കാലക്കേടെന്നോളം വിടാതെ പിടിമുറുകിയപല്ല് വേദനയും ചെന്നിക്കുത്തും മാനസിക സംഘർഷങ്ങളും അയാളുടെ ഗവേഷണ താൽപ്പര്യങ്ങളെ തീർത്തും ഗ്രസിച്ചുകളഞ്ഞു.

അയാളുടെ അവസ്ഥകൾ കണ്ടുനിന്ന് പല്ലിളിയ്ക്കാതെ ഭൂമി പലവട്ടം സൂര്യനെ വലംവച്ചു. 

ഏതോ ഒരു നല്ല നേരത്ത് നിനച്ചിരിയ്ക്കാതെ മനസ്സിൽ ഉറഞ്ഞു കൂടിയ ഒരാശയം, അയാളെ സമ്പന്നനാക്കിയിരിയ്ക്കുന്നു. 

ഉരുളുന്ന കല്ലിൽ പായൽ പുരളില്ലെന്ന തിരിച്ചറിവും,പല്ലിൽ തുടങ്ങിയത് പല്ലിൽ തന്നെ തുടരണമെന്ന ആഗ്രഹവുമാണ് പൽപ്പൊടി നിർമാണത്തിൽ കൊണ്ടുചെന്നെത്തിച്ചത്. 

അതിന്റെ മേൽവിലാസ ചീട്ടിൽ വിലാസമുള്ളോരു പെണ്ണും, ഭാര്യവീട്ടിൽ നിന്നുള്ള അകമഴിഞ്ഞ സഹായവും.ചില മഞ്ഞപത്രങ്ങൾക്കും പായൽ പിടിച്ച ചുവരുകൾക്കും അലങ്കാരമാണ് അയാളുടെ ഉത്കൃഷ്ട ഉത്പന്നം " ദന്തബന്ധു "

എന്തോ ആയിക്കോട്ടെ, അയാളുടെ കഥകൾ അറിയാവുന്ന നാട്ടുകാർക്ക് അയാളിന്നും ഡോക്ടർ തന്നെയാണ്.

ഡോക്ടർ എന്ന അഭിസംബോധന മനസുകൊണ്ടാഗ്രഹിച്ച നന്ദകുമാറിന് , പരിഹാസമായിട്ടാണെങ്കിൽ കൂടി ആ വിളിപ്പേരിൽ നിന്നും അനുഭൂതി ഉളവാകുന്നു.

പ്രവേശനപ്പരീക്ഷകളെഴുതാതെ, ശാസ്ത്രം പഠിയ്ക്കാതെ,ഗവേഷണം നടത്താതെ,രോഗ നിർണയം നടത്താതെ,സമരം ചെയ്യാതെ,തലവരിപ്പണം നൽകാതെ തീർത്തും സൗജന്യമായി കിട്ടിയ വരപ്രസാദം.

എന്താ ഡോക്ടറെ കൊറേക്കാലായല്ലൊ കണ്ടിട്ട്....
ഡോ.നന്ദകുമാർ തിരിഞ്ഞുനോക്കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ