2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കാമുകൻ കരിവണ്ട്

ഭൃംഗം

 അല്ലയോ ചിത്രശലഭമേ, ആരും കൊതിച്ചു പോകുന്ന നിന്റെ സൌന്ദര്യം,സാമീപ്യം നയന സുഭാഗമായ വര്‍ണഭംഗി! നീയെത്ര ഭാഗ്യവതിയാണ്. നീ ചെയ്യുന്ന അതേ പ്രവൃത്തികള്‍ എത്രയോ ഗൌരവമായി ഞാനും നിര്‍വഹിക്കുന്നു.അതും, നിസ്വാര്‍ത്ഥ സേവനം. .

പൂവിന്റെയ്ള്ളില്‍ ഒളിച്ചുവച്ചിരിയ്ക്കുന്ന മധുരമാണ് തേന്‍ .അതെത്രയോ നുകര്‍ന്നിരിയ്ക്കുന്നു.പക്ഷേ, നിറവോടെ ചിരിതൂകി നില്‍ക്കുന്ന പുഷ്പദളങ്ങള്‍ എന്റെ സ്പര്‍ശനമാത്രയില്‍ ഒളിമങ്ങുന്നു. കരിവണ്ടായി പിറന്നതുകൊണ്ടു മാത്രം ഞാന്‍ നികൃഷ്ടനായോ? ഇല്ല ഒരിയ്ക്കലുമില്ല...എത്രയോ കവിഹൃദയങ്ങളിലൂടെയും സാഹിത്യ മസ്തിക്ഷ്കങ്ങളിലൂടെയും എനിയ്ക്കും അംഗീകാരവും ചമല്‍ക്കാരവും ലഭിച്ചിരിക്കുന്നു.

എങ്കിലും... ഈ പരോക്ഷസ്ഥാനം തരുന്നവരാരും തന്നെ പ്രത്യക്ഷത്തില്‍ എന്നെയൊന്നു സ്നേഹിക്കാനോ സ്പര്‍ശിക്കാനോ മടി കാണിക്കുന്നു.പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ മനസിനുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന മധുരമാണ് സ്നേഹം.ആ മധുരം നുകരാന്‍ ഭാഗ്യം നിക്ഷേധിക്കപെട്ടവനാണോ ഞാന്‍?

എന്റെ പൂര്‍വികരാരോ ചെയ്ത് തീര്‍ത്ത പാപഫലമെന്നോളം നിരപരാധിയായ എന്നെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്നത് അനീതിയല്ലേ? പരസ്പരം സ്നേഹിക്കുക എന്നത് പ്രകൃതി നിയമമാണ്.അതനുസരിച്ചെങ്കിലും ഏതെങ്കിലുമൊരു പരമാണുവിനുള്ളില്‍ എന്നോട് തോന്നിയേക്കാവുന്ന ഒരിറ്റ് സ്നേഹം സ്വപ്നം കണ്ടുകഴിയുന്ന ഈ കരിവണ്ടിന് സമസ്ത സൌന്ദര്യങ്ങളുടെയും ഉപമയായ ഈ ശലഭ സുന്ദരിയെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവുമോ ? അതിനായി ഈ മനസ്സില്‍ കനിവുണ്ടാകണം. രൂപവതീ..നിന്‍ മനക്കണ്ണാടിയിലെ രസത്തകിടില്‍ പ്രതിബിംബമാകാന്‍ കഴിയാനാകാതെ ഞാന്‍ വീര്‍പ്പ്മുട്ടുകയാണ്.

ശലഭം

  പ്രിയപ്പെട്ട അളി ചേട്ടന് ,താങ്കളുടെ കരുത്തും കാര്യ പ്രാപ്തിയും മനോവിശാലതയും എനിക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ട്‌. എന്റെ മനസ്സില്‍ താങ്കള്‍ക്കൊരു മഹനീയ സ്ഥാനവുമുണ്ട്. താങ്കള്‍ എന്നോട് കാട്ടുന്ന ശ്രിങ്കാര ചേഷ്ടകളില്‍ ഞാനങ്ങേയറ്റം ഖേദിക്കുന്നു.പകരം ഒരു സഹോദരന്റെതായ സ്നേഹവും സംരക്ഷണവും താങ്കളില്‍ നിന്നും പ്രതീഷിച്ചോട്ടെ.മനസ് ചിതറാതെ നിരാശനാവാതെ താങ്കളെ എനിയ്ക്കെന്നും കാണണം .ഇനിയും ഇത്തരം വ്യര്‍ഥമായ വാക്കുകളിലൂടെ ഈ ചെറിയ മനസിനെ നോവിക്കില്ല എന്ന് എനിയ്ക്ക് ഉറപ്പ് തരണം..എന്ന് വിനീത സഹോദരി.

പൂവ് 

  പ്രേമ സുരഭിലനായ ഭ്രിംഗ ശ്രീമാന്‍, രസാനുഭവ ശീതളമായ താങ്കളുടെ ഹൃദയത്തിലേയ്ക്ക് ഉഷ്ണമുള്ള ഉല്‍ക്കകളെ ക്ഷണിച്ച് വരുത്തരുത്. അനുചിതമായ മനോവികാരങ്ങള്‍ക്ക് നങ്കൂരമിടാന്‍ താങ്കള്‍ക്ക് കഴിയണം.ക്ഷണ ഭങ്കുരങ്ങളായ പൂവിനോ പൂമ്പാറ്റയ്ക്കോ സ്വന്തമല്ലാത്ത ശക്തിയും ശൌര്യവുമുള്ള താങ്കള്‍ ഇങ്ങനെ ഭ്രാന്തചിത്തനാകുന്നത് തീര്‍ത്തും ദുഖകരമാണ് . അവാച്യമായ കറുപ്പഴകിന്റെ പെരുംച്ചന്തം പേറുന്ന താങ്കള്‍ അപകര്‍ഷത എന്ന അടികാണാ ഗര്‍ത്തത്തിലേയ്ക്ക് നിലം പതിക്കരുത്.ലോല ഹൃദയനായ അങ്ങ് പരിഹാസപത്രമാകാതെ ഭാഗ്നോത്സാഹനാകാതെ നരച്ച് നിറം വറ്റിയ സ്വപ്നങ്ങള്‍ക്ക് വിടചൊല്ലി മുന്നോട്ട് പറക്കൂ.അവിടെ പനിനീര്‍പ്പൂ സഞ്ചയത്തില്‍, താങ്കളെ അനവരതം സ്നേഹിക്കാനും പൂജിയ്ക്കനുമായി ഒരു ഭ്രിംഗ സുന്ദരി കാത്തിരിയ്ക്കുകയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ