എന്നോ പിറവിയെടുത്ത പ്രകൃതി,അവൾ മനോഹരിയായിരുന്നു.
അവളുടെ യൌവനത്തിനായി ഈശ്വരന്മാർ പോലും കാത്തിരുന്നു
കാമമോ മോഹമോ തോന്നാത്തവരായി ആരേയും അവശേഷിപ്പിയ്ക്കാത്ത
വശ്യസൌന്ദര്യം അവളെ വിശ്വ കാമിനിയാക്കി.
പ്രകൃതിയുടെ യവ്വന സൌരഭ്യം കണ്ടു പ്രലോഭിതരായ ഈശ്വരന്മാർ
മുനീന്ദ്രനെ സമീപിച്ചു തങ്ങളിൽ പ്രഗത്ഭന് പ്രകൃതിയെ കന്യാദാനം
നൽകണമെന്ന് അപേഷിച്ചു .
എന്നാൽ ഈശ്വരന്മാർ പ്രകൃതിയ്ക്ക് പിതൃസ്ഥാനീയരാനെന്നും
പ്രകൃതിഇഷ്ടപ്പെടുന്നവനെ സ്വയം വരിയ്ക്കുമെന്നും മുനീന്ദ്രൻ
മറുപടി നൽകി.
പ്രപഞ്ചം പ്രകൃതിയുടെ വേളിയ്ക്കായി കതിർ മണ്ഡപമൊരുക്കി .
പൌരുഷത്തിന്റെ പേശീ പുഷ്ടിയുമായി ആയിരങ്ങൾ പ്രകൃതിയുടെ
വരണമാല്യത്തിനായി കൊതിച്ചു നിന്നു.
സൂര്യ തേജസുമായി നാല് സഹോദരങ്ങൾ
ആക്കൂട്ടത്തിൽ അണിനിരന്നു. ഒരിയ്ക്കലും പിരിയാത്തവർ
ഒരു പോലെ ചിന്തിയ്ക്കുന്നവർ.
വസന്തം, ഗ്രീഷ്മം, ശരത്ത്, ശിശിരം.
പ്രകൃതി അവളുടെ മനസ് നാൽവർ സഹോദരങ്ങൾക്കായി
പകുത്തു നൽകി.
മുനീന്ദ്രൻ നാൽവർക്കും പ്രകൃതിയെ പ്രണയിക്കാൻ
നാല് കാലങ്ങൾ തീരുമാനിച്ചു.
അവർ പ്രകൃതിയ്ക്കിനി പതിമാർ.
എല്ലാവരും അനുഗ്രഹം ചൊരിഞ്ഞു.
എവിടെ നിന്നോ അലമുറയിട്ടു ഒരു യുവാവ് വേദിയിലേയ്ക്ക്
ഓടിക്കയറി
അരുത്,!അരുത്,!
പ്രകൃതി എനിയ്ക്കുള്ളതാണ്
അവളെ വേൾക്കാൻ കാലങ്ങളായി തപം
ചെയ്തവനാണ് ഈ ഞാൻ ....
ഇല്ലെങ്കിൽ ഈ ഈശ്വര സഞ്ചയത്തിൽ ഞാൻ
സ്വയം അഗ്നിയ്ക്കിരയാകും.
നാൽവർ സഹോദരങ്ങളിൽ ഒരാൾ ആ യുവാവിന് വേണ്ടി പിൻമാറാൻ
സന്നദ്ധത പ്രകടിപ്പിച്ചു.എന്നാൽ മുനീന്ദ്രൻ അതിനെ എതിർത്തു.
അത് പ്രകൃതിയുടെ സംതുലിനാവസ്ഥയ്ക്ക് ഭംഗം വരുമെന്നും
പ്രകൃതിയുടെയും പതിമാരുടെയും സമ്മതം അനുകൂലമാണെങ്കിൽ
അയാളെയും സ്വീകരിയ്ക്കാമെന്നും വ്യക്തമാക്കി.
കടുത്ത സംഘർഷ സമ്മർദ്ധങ്ങൾക്കൊടുവിൽ പ്രകൃതി ആ യുവാവിനെയും
തന്റെ പ്രിയതമാനായി സ്വീകരിച്ചു .നാൽവർ സഹോദരങ്ങളുടെ
പ്രണയകാലങ്ങളിലെപ്പോൾ വേണമെങ്കിലും അവളെ
പ്രണയിക്കാനുള്ള അനുവാദവും സദസ് ആ യുവകോമാളന് സമ്മാനിച്ചു.
നാഗിനിമാരുടെ കൂട്ടത്തിൽ നിന്നും ഒരു നാഗകന്യക ശീൽക്കാര ശബ്ദത്തോടെ
പാഞ്ഞുവന്നു. അയാൾ ആപത്താണ് പ്രകൃതിയുടെ പതിസ്ഥാനത്തുനിന്നും
അയാളെ മാറ്റണം അയാൾ നമ്മുടെ ശത്രുവാണ് .
എല്ലാവരും ഞെട്ടലോടെ നോക്കി നിൽക്കേ അയാൾ പറഞ്ഞു.
അതെ ആ നഗകന്യക പറഞ്ഞത് സത്യമാണ്.
ഞാൻ വിപത്താണ് ആപത്താണ് സംഹാരമാണ്.
പ്രകൃതിയുടെ മക്കൾ അവളെ മറന്നു പ്രവർത്തിയ്ക്കുമ്പോൾ
ദുഷ്ടന്മാരും അധർമന്മാരും ആയി മാറുമ്പോൾ എന്റെ പ്രിയപ്പെട്ട
പ്രേയസിയെ സംരക്ഷിയ്ക്കാൻ ഞാൻ വരും പ്രളയമായും പേമാരിയായും
അഗ്നിവർഷമായും കൊടുംകാറ്റായും ഭൂകമ്പമായും...
കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ പ്രകൃതിയെ
സംരക്ഷിയ്ക്കേണ്ടത് എന്റെ കർത്തവ്യമാണ് കടമയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ