പകൽവെളിച്ചം നിദ്രയിൽ നിന്നും ഉണരാരായി.തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കിടന്നു നോക്കി.പരമേശ്വരൻ നായർക്ക് ഉറക്കം വരുന്ന ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല.
ഉറ്റ സുഹൃത്തുക്കളായ റേഷൻ കട പുരുഷനും കാടി ശശിയുമൊക്കെ രണ്ടെണ്ണം വീശീട്ടാ കിടക്കുന്നത്.സുഖ നിദ്രയിലായിരിയ്ക്കും ഭാഗ്യവാന്മാർ.
സരോജത്തെ ഭയന്നിട്ടാ താൻ മദ്യപിയ്ക്കാൻ മടി കാണിയ്ക്കുന്നതെന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമെന്നു അയാള് ആണയിടുന്നു.സ്വന്തം ശരീരവും ആരോഗ്യവും സംരക്ഷിയ്ക്കേണ്ടത് ഉത്തരവാദിത്വമുള്ള ഒരു ഗൃഹനാഥന്റെ കടമകളിൽ ഒന്നുമാത്രമാണ്.
ഉറങ്ങാനായി നേർച്ചകൾ നേർന്നു,ഉറങ്ങുന്നതായി നടിച്ചു നോക്കി.ഉറക്കം നഷ്ടപെട്ടവന്റെ തലപ്പിരാന്തുമായി ജനാല പാളികൾ തുറന്നു അമ്പിളി കൊച്ചുമാമനെ നോക്കി അയാൾ നെടുവീർപ്പിട്ടു.
നിലാഭംഗിയിൽ അലയടിചെത്തുന്ന ശക്തിയായ കാറ്റിനെ കബളിപ്പിച്ചു ഉറങ്ങുന്ന ഇലകളും പൂക്കളും അയാളിൽ അസൂയ ജനിപ്പിച്ചു.
കുമ്പളങ്ങാ നീരിൽ തേൻ സമം ചേർത്ത് അത്താഴപ്പുറമേ സേവിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് എവിടേയോ കേട്ടതായി ഓർക്കുന്നു. മത്സരിച്ചുറങ്ങുന്ന സരോജത്തെയോ മകളെയോ വിളിച്ചുണർത്തി പാതിരാവിൽ കുമ്പളങ്ങക്കാര്യം പറയാനാവുമോ?.
കാട്ടുതീ പോലെ ആളിപ്പടർന്ന ചിന്തകളെ കൂച്ച് വിലങ്ങിട്ട് ഉറങ്ങാതെ കറങ്ങുന്ന പങ്കയെ നോക്കി കിടന്നപ്പോൾ എപ്പൊഴെ ഒന്ന് മയങ്ങിപ്പോയി.
നിദ്രാസുഖം ഭംഗിച്ചുകൊണ്ട് ആരോ തട്ടിയുണർത്തി ഒരു പുരുഷ സ്വരം !
എഴുന്നെല്ക്കെടോ
എന്റീശ്വരാ... സരോജത്തിന്റെ രഹസ്യ കാമുകൻ ?
മഹാപാപി !
പരമേശ്വരൻ നായർ സടകുടഞ്ഞ് മുഖമുയർത്തി ഗർജ്ജിച്ചു. !
ആരാടാ ?
ഞാനാട കാടി ശശി !!
സ്ഥലമെത്തി....സ്ഥലമെത്തി..
കവിളിൽ ഒലിച്ചിറങ്ങിയ ചാളുവ തുടച്ചു മാറ്റി പരമേശ്വരൻ നായർ കണ്ണ് തിരുമ്മി കോട്ടുവായിട്ടു.
ഓ ശരിയാ സ്ഥലമെത്തി.
ഓടിയ്ക്കൊണ്ടിരുന്ന കെ.എസ.ആർ.ടി.സി ബസ്സിന്റെ പിന് സീറ്റിലിരുന്നു നട്ടുച്ചയ്ക്ക് കണ്ട സ്വപ്നം മാത്രമായിരുന്നു പരമേശ്വരൻ നായരെ കലിപിടിപ്പിച്ച ഉറക്കം വരാത്ത രാത്രി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ