ഓണം കഴിഞ്ഞു ആരവങ്ങളൊഴിഞ്ഞു മലയാളിയും മാവേലിയും മനസ്സ് തുറക്കുന്നു.
പ്രജയ്ക്ക് പറയാനുള്ളത് !!!
ദുഷ്ടനായ ഈശ്വരന്‍ സര്‍വാധരണീയനായ മാവേലിമന്നനെ ചതിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തി മലയാള മണ്ണിനൊരു പേരിട്ടു, "ദൈവത്തിന്റെ സ്വന്തം നാട്". അങ്ങനെ നമ്മുടെ നാട് അശാന്തിയുടെയും അധര്‍മത്തിന്റെയും വിളനിലമായി മാറി.
എന്റെ മാവേലിത്തമ്പുരാനെ നമ്മുടെ മണ്ണില്‍ കായില്ല, കനിയില്ല വിളവില്ല വിത്തില്ല!. പ്രലോഭനത്തിന്റെ ഉഗ്രപ്രതിബിംബമായ സ്വര്‍ണം.....കണ്ണഞ്ചിപ്പിയ്ക്കുന്ന ശോഭയോടെ,ത്രസ്സിപ്പിയ്ക്കുന്ന പരസ്യ വാചകങ്ങളോടെ പഞ്ചനക്ഷത്ര വാണിഭശാലകളില്‍ മലയാളികള്‍ക്ക് മാത്രമായി കാത്തിരിയ്ക്കുന്നു.
കുലീനങ്ങളായ രോഗങ്ങളും,
പീഡനങ്ങളും കാമാലീലകളും കൊള്ളരുതായ്മകളും ചതിയും മലയാളിയുടെ മുഖമുദ്രയായി മാറിയിരിയ്ക്കുന്നു.
ആചാരക്കള്ളന്മാരും, കിടക്കറസഖാക്കളെത്തേടി അന്നത്തില്‍ പാക്ഷാണം കലര്‍ത്തി കാത്തിരിയ്ക്കുന്ന ഒളിമങ്കമാരും മലയാളനാടിന് അപമാനമായി നിലകൊള്ളുന്നു.
നരബലി ശീലമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി ഭരിയ്ക്കുന്ന മലയാളമണ്ണ് മടുത്തുപോയി മഹാപ്രഭോ...കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി സമൃദ്ധിയ്ക്കായി അങ്ങ് തിരിച്ചുവരണം ഇളം തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സുഗന്ധവാഹിയായി അങ്ങ് നിലകൊള്ളണം.
ഇനിയും ഇങ്ങനെ ദശാബ്ദങ്ങള്‍ പിന്നിട്ടാല്‍ അഭിമാനികളായി അവശേക്ഷിയ്ക്കുന്നവര്‍ ആത്മാഹൂതി ചെയ്ത് പാപികള്‍ക്കായി ഈ നാടിനെ വിട്ടുകൊടുക്കും.
മാവേലി മന്നന്റെ മറുപടി !!!
ആത്മാഭിമാനിയും നിസ്വാര്‍ത്ഥനുമായ പ്രജ അറിയുവാന്‍ മാവേലിയ്ക്ക് പറയുവാനുള്ളത്,
നന്മകള്‍ക്കായി മാത്രം നിലകൊള്ളുന്ന ഭക്തവത്സലനായ ഭഗവാന് സാത്വികനായി മാത്രം ജീവിച്ച മാവേലി എന്ന പാവം കേരള ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്
ചവിട്ടിതാഴ്ക്കാനാവുമോ ? ചതിച്ച് സ്ഥാനഭ്രാഷ്ടനാക്കാന്‍ കഴിയുമോ ?
ഒരിയ്ക്കലുമില്ല.ഭഗവാന്റെ ആറാമവതാരമായ പരശുരാമാനാല്‍ രൂപീകൃതമായ കേരളത്തിലെ നാടുവാഴിയായ മാവേലിയെ അഞ്ചാമവതാരമായ വാമനമൂര്‍ത്തി എങ്ങനെയാണ് ചതിയ്ക്കുന്നത് ?
ഉത്തരഭാരതം അടക്കി വാണിരുന്ന ഹിരണ്യ കശിപു ചക്രവര്‍ത്തിയുടെ പൌത്രനും പ്രഹ്ലാദന്റെ പുത്രനുമായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തിയെയാണ് ഭഗവാന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയത് .
മലയാള മണ്ണില്‍ സമത്വം സ്വപ്നം കണ്ട് മണ്ണിനെയും മനുഷ്യനേയും,പ്രകൃതിയെയും സകല ചരാചരങ്ങളെയും സ്നേഹിച്ചുകൊണ്ട് മധ്യകേരളം വാണിരുന്ന ഒരു പാവം നാടുവാഴിയായിരുന്നു നിങ്ങളുടെ സ്വന്തം മാവേലിത്തമ്പുരാന്‍..
ഭാരതഭൂവില്‍ വാണിഭത്തിനായി കാലുകുത്തിയ സാംസ്കാരികമായി വാമനത്വം ബാധിച്ച ഇംഗ്ലീഷ്കാരാണ് നിങ്ങളുടെ മാവേലിയെ സ്ഥാനഭ്രാഷ്ടനാക്കിയത് പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയത് .....
നമ്മുടെ പ്രജകളില്‍ ചിലര്‍ അവരോടൊപ്പം കൂടിയാണ് മഹാ അപരാധം ചെയ്തതെന്ന് ഓര്‍ക്കുമ്പോള്‍ ഓരോ ഓണവും സമ്മാനിയ്ക്കുന്നത് ഹൃദയഭിത്തികളില്‍ ആയിരം കുതിരശക്തിയില്‍ വേദനത്തിരമാലകള്‍ ആഞ്ഞടിയ്ക്കുന്ന അങ്കലാപ്പാണ് .
ഇന്ന് മാവേലിയ്ക്ക് മലയാള മണ്ണില്‍ കോമാളിയുടെ മുഖമാണ് ഓരോ കൊല്ലവും അപമാനിതനായി മടങ്ങിപ്പോകുന്ന മാവേലി മന്നന് എങ്ങനെ ഈ മണ്ണില്‍ സ്ഥിരവാസിയാകാന്‍ കഴിയും ?
എന്‍റെ കേരളത്തിന്റെ നല്ല നാളെയ്ക്കായി പ്രാര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം മാവേലിത്തമ്പുരാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ