2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഭീമനച്ഛൻ

മഴയിൽ തണുത്ത മണ്ണിൽ വിരിഞ്ഞ ഒരായിരം കൂണുകൾ, അതിലെത്രയെണ്ണത്തിന് വിഷമുണ്ടാവും? പൂപ്പൽമണമുള്ള അവിടെയ്ക്ക് 
പതുങ്ങി ചെന്നാൽ ശീൽക്കാര ശബ്ദത്തോടെ പാമ്പോ ചേരയോ തലപൊക്കും.

നിരാശ താടിരോമാങ്ങളായി മുഖം വൃത്തിയാക്കാൻ 
ക്ഷൗരം ചെയ്യാൻ കാശില്ലാതെ മഴമടിയനായി വീടിന്റെ പിന്നാമ്പുറത്തെവിടയോ മൂകനായിരിയ്ക്കുന്ന ഉണ്ണികൃഷ്ണന് ചിന്തിയ്ക്കാൻ പാമ്പും പറവകളും തന്നെ ധാരാളം.

കേവലം അഞ്ചാം വയസിൽ അകാലചരമം പ്രാപിച്ച ഒരു മുത്തച്ഛന്റെ അഭാവമാണ് ഈ ഇരുപത്തഞ്ചാം വയസ്സിലും ഉണ്ണികൃഷ്ണനെ നിരാശയുടെ താടിരോമാക്കാരനാക്കുന്നത്.അഞ്ചു വയസ്സുള്ള മുത്തച്ഛനോ? ചോദ്യം ശരമായി മാറിയാൽ: അത് വലിച്ചെടുത്ത് ആവനാഴിയിലിട്ട് അയാൾ ഉത്തരം നൽകും.

അതെ അമ്മയുടെ അച്ഛന്റെ അമ്മ എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഇരട്ടകുട്ടികളെ പ്രസവിച്ചു.അതിൽ ഒരാൾ കംസനും മറ്റേയാൾ അക്രൂരനുമായിരുന്നു.അതിൽ നല്ലവനായ അക്രൂരൻ അഞ്ചാം വയസിൽ ബാലാരിഷ്ടതകളിൽ പൊലിഞ്ഞുപോയി.

ദുഷ്ടനായ കംസൻ ഇന്നും എനിയ്ക്ക് പാരയായി ജീവിയ്ക്കുന്നു.അയാൾ ഉഗ്രവിഷമുള്ള കാർക്കോടകനാണ്.മനസ്സിനെയും ശരീരത്തേയും വാർദ്ധക്യത്തിന് വിട്ടുകൊടുക്കാത്ത സ്വാർതനായ ബലിഷ്ഠൻ. അരനൂറ്റാണ്ട് മുൻപ് ഈ സുന്ദരപുരുഷനെ സ്വന്തമാക്കിയ സ്വാധീനപഥികയാണ് അമ്മാളുവാരസ്യാർ എന്ന എന്റെ മുത്തശ്ശി. 

അവർ കഴിഞ്ഞ വൃശ്ചികത്തിൽ മരിച്ചപ്പോഴും വാവിട്ടു കരയാതെ മൌനംപാലിച്ച ചങ്കുറപ്പുള്ളവൻ. ഞങ്ങൾ പേരക്കിടാങ്ങൾ അദ്ദേഹത്തെ വിളിയ്ക്കുന്ന പേരാണ് ഭീമനച്ഛൻ.
.
ഇതുപോലൊരു സുന്ദരപുരുഷനെ തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ എന്റെ അമ്മയും പ്രണയിച്ചത്. യാഥാസ്ഥിതികനായ  ഭീമനച്ഛന്റെ ധാർഷ്ട്യത്തിന് മുൻപിൽ ആ നല്ല മനുഷ്യനെ എന്റെ അമ്മയ്ക്ക് നഷ്ടമായി.

പകരം ഭീമനച്ഛന്റെ വകയിലൊരു അനന്തിരവനായ മറ്റൊരു കംസന്റെ പുത്രനായി എനിയ്ക്ക് ജനിയ്ക്കേണ്ടി വന്നു.അയാൾ നാടുനീളെ വേളിയുണ്ടും വേളികഴിച്ചും ഒരുനാൾ നാടുനീങ്ങി.

ആ ദുഷ്ട പിതൃത്വമാണ് ഇന്നും നിത്യനിരാശയായി എന്നെയും അമ്മയേയും വേട്ടയാടുന്നത്. ഇപ്പോഴാണ് ആ അഞ്ചാം വയസിൽ പൊളിഞ്ഞുപോയ നല്ലവനായ മുത്തച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത എന്റെയുള്ളിൽ ഒരാശ്വാസത്തിന്റെ തലോടലായി മാറിപ്പോകുന്നത്.

അതെ ഒക്കെ ശരിയാണ്, ഇരുപത്തിയാറ് വർഷം മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേര്പറഞ്ഞ് ഒരുമനുഷ്യനെ ധിക്കരിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതെല്ലാം രീതിയിൽ അദ്ദേഹം പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു.

ആ അമ്മയേയും മകനെയും തന്നോട് ചേർത്തുനിർത്തി അദ്ദേഹം എത്രകണ്ട് സ്നേഹിച്ചു.കേവലം ഒരു നാട്ടുവൈദ്യൻ എന്നുപറഞ്ഞു തള്ളിക്കളയാതെ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ ആ മനസ്സിന്റെ വീര്യം പോലെതന്നെ അദ്ദേഹത്തിന്റെ മരുന്നുകളുടെയും ചികിത്സകളുടെയും മഹത്വം മനസ്സിലാക്കാവുന്നതെയുള്ളൂ. 

സത്യത്തിൽ ആ വലിയ മനുഷ്യന്റെ  കയ്യിൽ മൃതസഞ്ജീവനി ഉണ്ടെന്നാണ്  ജനശ്രുതി. ഉണ്ണികൃഷ്ണന് അദ്ദേഹത്തോടുള്ള വൈരം തീരുംവരെ ഒന്നും അംഗീകരിയ്ക്കില്ല അതാണ്‌ സത്യം.എന്നിട്ടും ഒരു ദുഷ്ട പിതൃത്വത്തിന്റെ പേരുപറഞ്ഞു സ്വയം നശിയ്ക്കാൻ ഇറങ്ങിതിരിച്ചാലോ?

ഉണ്ണികൃഷ്ണ എന്നെങ്കിലുമൊരിയ്ക്കൽ നിനക്ക്  ഭീമനച്ഛന്റെ സ്നേഹത്തിന് മുപിൽ തോറ്റുകൊടുക്കേണ്ടിവരും.

അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയും ചെയ്തു.

മാറിനിന്ന് അമ്മയോട് ഭീഷണി സ്വരത്തിൽ എന്തോ പുലമ്പി അയാൾ ഇറങ്ങിപ്പോയി.

സംഗതി ശരിയാ വലിയ നിഷേധിയായിട്ടാ മൂപ്പരുടെ പോക്ക്. ആയുർവേദ കോളേജിലയച്ചു മിടുക്കനായ ഡോക്ടറാക്കണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം.എന്നാൽ ഒരു വാശിയ്ക്ക് എന്ജിനീയറിംഗ് പഠിച്ചു പാതി വഴിയിൽ
വള്ളിപൊട്ടിനടക്കുകയാ പുള്ളിക്കാരൻ.

വീടിന്റെ മതിൽക്കെട്ടിന് വെളിയില ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന് വശമുള്ള മൃതസംജീവനി എവിടെപ്പോയി

അസ്തമിയ്ക്കാനൊരുങ്ങുന്ന സൂര്യന് കട്ടപിടിച്ച ചോരയുടെ നിറമായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന് നിലവിളിച്ചു.എല്ലാ ലൈറ്റുകളും പ്രകാശിച്ചു.

സ്വപ്നമാണെങ്കിൽകൂടി ആ വിയോഗം അയാളുടെ ഹൃദയമിടിപ്പ്‌ കൂട്ടി.തന്റെ മുന്നിൽ ജീവനോടെയിരിയ്ക്കുന്ന ഭീമനച്ഛനെ അയാൾ കെട്ടിപ്പുണർന്നു.ഒരൗൻസ് കക്ഷായവും പ്രാർതനയുമായി രാത്രി വെളുത്തു, ഒപ്പം നിരാശയുടെ താടിരോമങ്ങളും.

വൈരം സ്നേഹമായലിഞ്ഞപ്പോൾ മനസിനെയും ചിന്തകളെയും ആ പാദങ്ങളിൽ അർപ്പിച്ച് പൗത്രനായ ഉണ്ണികൃഷ്ണൻ അർപ്പണബോധമുള്ള ശിഷ്യനായി മാറുകയായിരുന്നു.അയ്യ്ലുദെ നിരാശകളും വേദനകളും കാറ്റിൽ പറത്തി അവരാ ദിവസം ആഘോഷിച്ചു.

പച്ചമരുന്നുകൾ കണ്ടാൽ തിരിച്ചറിയാനുള്ള പരിശീലനമായിരുന്നു ആദ്യത്തേത്.കടുത്ത ശിഷണവും വാത്സല്യവും കൊണ്ട് വീർപ്പുമുട്ടിയ്ക്കുകയായിരുന്നു ആ മുത്തച്ഛൻ.

കത്തുന്ന വേനലിൽ സൂര്യൻ ഉചിയിലായതോടെ നാട്ടിലെ കുളങ്ങളും കിണറുകളുമൊക്കെ വറ്റിവരണ്ടു. കർക്കശക്കാരനായ ഭീമനച്ഛൻ ഔഷധനിർമാണത്തിനായി കിണറ്റിലെ വെള്ളം മാത്രമേ ഉപയോഗിക്കാറുള്ളൂ. 

അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്ക് റോഡരികിലുള്ള സർക്കാർ പൈപ്പേ ശരണം.

അങ്ങനെയിരിയ്ക്കുംപോഴാണ് ഉണ്ണികൃഷ്ണന്റെ ബെസ്റ്റ് ഫ്രെണ്ടായ എന്നെത്തേടി കടലുകടന്ന് ചിറകുള്ള ഒരു സൗഭാഗ്യം പറന്നുവന്നത്. വെറും ഒന്നരലക്ഷം രൂപയ്ക്ക് മലേഷ്യയിൽ അഞ്ചക്ക ശമ്പളമുള്ള ഉശിരാൻ ജോബ്‌ വിസ്സ.

എനിയ്ക്കവകാശപ്പെട്ട ഭൂമിയിൽ നിന്നും ഒരുതുണ്ട് നഷ്ടപ്പെടുത്തി ഞാൻ മലേഷ്യയിലേയ്ക്ക് പറന്നുയർന്നു. പറഞ്ഞുറപ്പിച്ചപോലെ എന്നെ സ്വീകരിയ്ക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.പകരം കറുത്ത കോട്ടിട്ട ചിലര് എന്നെയും കൊണ്ട് പലയിടത്തും കറങ്ങി, ബഹളമുണ്ടാക്കി,ഉപദ്രവിച്ചു,ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി.

കരഞ്ഞു കരഞ്ഞു കുറെ കാറ്റ് കറുമ്പൻമാരുടെ കൂട്ടത്തിൽ ഏതോ ഒരു തടവറയിൽ ഞാനും കഴിഞ്ഞുകൂടി.എന്റെ പകുതി വേവുള്ള തമിഴിൽ ഞാൻ ചിലതൊക്കെ ഞെട്ടലോടെ മനസിലാക്കി.

ചെന്നുപെട്ടിരിയ്ക്കുന്നതു രാവണ രാജ്യമാണെന്നും അവരുടെ കണ്ണില ഞാനൊരു പുലിയാണെന്നും അവർ കൂടെക്കഴിഞ്ഞവർ പറഞ്ഞുതന്നു. ഉറ്റവരുടെ പ്രാര്തനയും ചില രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണമാകാം നാലര മാസത്തെ ദുരിത പർവത്തിനൊടുവിൽ ഞാൻ തിരിച്ചെത്തി.അപ്പോഴേയ്ക്കും എന്നെ പറത്തിയവരൊക്കെ പറന്നുകഴിഞ്ഞു.

ചുരുങ്ങിയ കാലംകൊണ്ട് നാടാകെ മാറിയിരിയ്ക്കുന്നു. ഉണ്ണികൃഷ്ണൻ ആളങ്ങു പച്ചപിടിച്ചു. വീടിനോട് ചേർന്ന് ഒരു വൈദ്യശാല തുടങ്ങിയിരിയ്ക്കുന്നു. 

ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തേടി അയാൾ ഗവേഷണത്തിലാണ്. ഭീമനച്ഛന്റെ രണ്ടു സഹായികൾക്ക് പറമ്പിലെ നാളികേരം വിറ്റ്‌ കൂലി കൊടുത്തിരുന്ന ആ അവസ്ഥയൊക്കെ മാറി 

തിരക്കൊഴിയാത്ത ഒരു വർത്തമാനകാലം തത്തംപുള്ളി തറവാട്ടിനെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.

അന്ന് പുലർച്ചെമുതൽ തുടങ്ങിയതാണ് ഭീമനച്ഛന് കലശലായ നെഞ്ചുവേദന. അലോപ്പതിവൈദ്യത്തെ ശക്തിയായി നിക്ഷേധിയ്ക്കുന്ന അദ്ദേഹം ഉണ്ണികൃഷ്ണന്റെ സ്നേഹസമ്മർദ്ദത്തിന് വഴങ്ങി 

,ചികിത്സ തേടി വൈദ്യശാലയിലെത്തുന്നവരെ ചികിത്സിക്കണമെന്ന വ്യവസ്ഥമേൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

വീടിന്റെ മതിൽക്കെട്ടിന് വെളിയില ആംബുലൻസ് വന്നുനിന്നു. വീട്ടുകാർ ഒന്നടങ്കം നിലവിളിച്ചു.തത്തംപുള്ളി തറവാട്ടിനിനി കാരണവരില്ല. ഭീമനച്ഛന്റെ വൈദ്യശാസ്ത്രം ഇവിടെ അവസാനിയ്ക്കുന്നു.അദ്ദേഹത്തിന് വശമുള്ള മൃതസംജീവനി എവിടെപ്പോയി

കാർമേഘങ്ങൾ നിറഞ്ഞ മാനത്തിന് മരണത്തിന്റെ കറുപ്പായിരുന്നു.
ഉണ്ണികൃഷ്ണൻ എല്ലാംമറന്ന് നിലവിളിച്ചു. 

എല്ലാം ഒരു സ്വപ്നമാകാൻ കൊതിച്ചു പോയി.ആരൊക്കെയോ ആംബുലൻസി നടുത്തെയ്ക്ക് ഓടിയടുത്തു. ചാറ്റൽമഴയത്ത് ആളുകൾ വട്ടംകൂടി.

പിറന്നകാലം മുതൽ ആ നെഞ്ചിലേറ്റി ലാളിച്ചും ആ തോളിലേറ്റി താലോലിയ്ക്കുകയും ചെയ്ത നിസ്വാർതനായ പിതാമഹാൻ.മാനത്തെ താരങ്ങളും അമ്പിളിമാമനും ബന്ധുക്കളായതും, പഞ്ചതന്ത്രം കഥയിലെ പാത്രങ്ങൾ കൂട്ടുകാരായതും ഭീമച്ഛനിലൂടെയാണ്. നാവിൽ സ്വർണാക്ഷരം കുറിച്ചതും കാതിൽ ബാലപാഠങ്ങൾ ഒതിയതും അദ്ദേഹം തന്നെയാണ്. എപ്പോഴോ മനസ്സിൽ തിരിച്ചറിവെന്നു തെറ്റിദ്ധരിച സാത്താൻ കടന്നുകൂടിയതോടെ അദ്ദേഹത്തിൽ നിന്നും അകലാൻ ശ്രമിച്ചു തുടങ്ങി.ആ മനുഷ്യനെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും ഒരായിരം നിമിത്തങ്ങൾ പാഞ്ഞെത്തിയ നാളുകൾ. 

അദ്ദേഹത്തെ അപമാനിയ്ക്കാനും അധിക്ഷേപിയ്ക്കാനും കിട്ടിയ അവസരോങ്ങളെക്കെയും പരമാവധി പ്രയോചാനപ്പെടുത്തി. ഈശ്വരാ മഹാകഷ്ടം! 

എല്ലാം മറന്നു അദ്ദേഹത്തോടടുത്തു.അദ്ദേഹത്തിന്റെ സ്നേഹ പരിലാളനങ്ങളിൽ അയാൾ വീണ്ടും സമൃദ്ധനായി .ആ മഹാ മനുഷ്യനെ സ്നേഹിച്ചും ശുശ്രൂഷിച്ചും കൊതിതീർന്നില്ല. ആയിരം കുതിരശക്തിയിൽ വേദനത്തിരമാലകൾ ഹൃദയഭിത്തിയിൽ ആഞ്ഞടിയ്ക്കുകയാണ്.

ആംബുലൻസിനരികിൽ നിന്നും രണ്ടുപേർ ഓടിവന്നു. ഏയ്‌ ....പേടിയ്ക്കാനോന്നുമില്ല..റോഡരികിലുള്ള സർക്കാർ പപ്പിൽ നിന്നും വെള്ളമെടുക്കാൻ വണ്ടി ചവിട്ടിയതാ...എഞ്ചിൻ നല്ലോണം ചുട്ടു പഴുതിട്ടാ ....

ശബ്ദം നിലച്ച കണ്ണ്ടവും ചേതനയറ്റ മനസ്സുമായി അയാൾ ചുവരിൽ ചാരിയിരുന്നു.ആ ശരീരത്തിന്റെയും മനസിന്റെയും ചലനശേഷി ഒരു നെടുവീർപ്പിൽ നഷ്ടമായി എന്നത് അവിശ്വസനീയമായ സത്യമായിരുന്നു.

പടക്കുതിരയുടെ കരുത്തും മൃതസംജീവനിയുടെ ഒജസുമുള്ള ഭീമനച്ഛന്റെ പരിലാളനങ്ങൾക്ക് ചിരിയ്ക്കുകയും ചിന്തിയ്ക്കുകയും ചലിയ്ക്കുകയും ചെയ്യുന്ന ആ ഊർജ്വസ്വലനായ ഉണ്ണികൃഷ്ണനെ വാർത്തെടുക്കാൻ കഴിയട്ടെയെന്ന് നിറകണ്ണുകളോടെ പ്രാർത്ഥിച്ചുകൊണ്ട് സ്വന്തം ബെസ്റ്റ് ഫ്രണ്ട് .

2015 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഡോക്ടർ ദന്തബന്ധു

മണിക്കൂറിൽ നൂറോളം ബീഡി കുറ്റികൾ നിലം പതിയ്ക്കുന്ന ഒരു ചങ്ങാതത്തിലേയ്ക്ക് ചേക്കേറിയതോടെപട്ടയും കട്ടൻ ബീഡിയുമെല്ലാം നന്ദകുമാറിന്റെ ദിനചര്യകളിലെ വെട്ടാൻ പറ്റാത്ത പട്ടികയിൽ പെട്ടുപോയി.

കോളേജ് കാമ്പസിലെ സഹയോഗ്യന്മാരെ മാറ്റിനിർത്തിയാണ്‌ ഉദാരസംസ്കാരമില്ലാത്ത വികടന്മാരുടെസാമന്തനായി അയാൾക്ക് മാറേണ്ടി വന്നത്. 

നന്ദകുമാറിന്റെ  കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും,ഹൃദയമിടിപ്പളക്കുന്ന സ്റ്റെതസ്കോപ്പും വിവരമുള്ള തലയും വിവരദോഷികൾക്ക് എന്നും ഹരമായിരുന്നു. 

നാളത്തെ ഡോക്ടർ സാർ അവരോടൊപ്പം ചീട്ടുകളിയ്ക്കുന്നു,കള്ളുകുടിയ്ക്കുന്നു,ബീഡി പുകയ്ക്കുന്നു.വാൽമാക്രി മൂസയും,കുത്തിപ്പൊളി സദാനന്ദനും,വെപ്രാളം വേണുവും, കുപ്പി ദാസനുമെല്ലാം അതൊരു സൌഭാഗ്യമായി കണ്ടിരുന്നു.

ബാല്യകാലം ഏതാണ്ട് നിത്യരോഗി തന്നെയായിരുന്ന നന്ദകുമാറിനെ സർവാദരണീയനായ ഒരു ഡോക്ടറാക്കുകഎന്നത് അച്ഛന്റെ വെറുമൊരു ആഗ്രഹംമാത്രമായിരുന്നില്ല. പന്ത്രണ്ടാം തരം ഒന്നാമനായിപാസായതോടെ വാങ്ങികൂട്ടുന്നതാണ് ഒരു ഡോക്ടർക്ക് വേണ്ട  സാമഗ്രികളെല്ലാം.

എന്നിട്ടും എല്ലാവരുടെയും സ്വപ്‌നങ്ങൾ തച്ചുടച്ച്‌  അയാൾബിരുദപഠനം തൊപ്പിയിട്ട് അവസാനിപ്പിച്ചു.
കൌമാരത്തെ തരിശാക്കിയ ചാപല്യങ്ങൾ, നിലയ്ക്ക് ചേരാത്ത കൂട്ടുകെട്ടുകൾ,എല്ലാം ഒരു വേലിയിറക്കം പോലെ വഴിമാറിയപ്പോൾ, അച്ഛന്റെ ആഗ്രഹത്തിന്റെ വ്യാപ്തിയും അദ്ദേഹത്തിന്റെ ഉള്ളിൽ ഘനീഭവിച്ച നിരാശയു നന്ദകുമാറിനെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു.

അച്ഛന്റെ പരിതാപകരമായ ജീവിതത്തിലേയ്ക്ക് അയാൾ കന്ണോടിച്ചു. പ്രാരാബ്ധങ്ങളുടെ അക്ഷഭാരത്തിൽതളർന്നു വീഴാറായ അദ്ദേഹം ചില ഉറ്റവരുടെ നിർബന്ധത്തിന് വഴങ്ങി യൗവനാവസാനത്തിൽ വിവാഹിതനായി.

കാലങ്ങളുടെ കാത്തിരിപ്പിൽ ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബിനി മണ്മറഞ്ഞു.സങ്കടനടുവിൽ വളർത്തിയെടുത്തമകൻ മലീമസ സമ്പർക്കങ്ങളിൽ ഇങ്ങനെയും.
ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാത്ത അച്ഛനെ വർണാഭമായ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുവരണം.

കാലങ്ങൾക്ക് മുൻപ് തനിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കേണ്ടിവന്ന അച്ഛന്റെ ശിഥിലമായ ചന്തകളെ ഉയിർത്തെഴുന്നേൽപ്പിച്അദ്ദേഹത്തെ ഊർജസ്വലനാക്കണം.

സമയം ഇനിയും വൈകിയിട്ടില്ല, അർപ്പണബോധവും ആത്മവിശ്വാസവുമുണ്ടെങ്കിൽ പഠിച്ചും ഗവേഷണം നടത്തിയും ഡോക്ടറാകാവുന്നതേയുള്ളൂ. 

നന്ദകുമാറിന്റെ ഉത്ക്കർഷേശ്ച മനസിലാക്കി ആരൊക്കെയോ അയാളെ ഉത്തേപിച്ചു.

ഡോ. എ.പി.ജെ.അബ്ദുൽ കലാം, ഡോ.കെ.ജെ.യേശുദാസ്,ഡോ.സുകുമാർ അഴീക്കോട്.... അങ്ങനെ വൈദ്യശാസ്ത്രം പഠിയ്ക്കാതെയും അപ്പോത്തിക്കരിയാവാതെയും എത്രയെത്ര ഡോക്ടറന്മാരാ ഈ ഭൂലോകത്തുള്ളത്!

നിർമ്മാണകൌശലത്തിൽ ജന്മനാ തൽപ്പരനായ നന്ദകുമാറിന്റെ ഗവേഷണോദ്ദ്യമത്തെ പലരും പ്രശംസിച്ചു.വിഷയം വ്യതസ്ഥമാകണം അപ്പോൾ ജിജ്ഞാസയും ഉത്സാഹവും വർദ്ധിയ്ക്കും, വിവരമുള്ളവർ ഓർമിപ്പിച്ചു.

അപ്രതീഷിതമായ അയാളിലെ മാറ്റങ്ങൾ അച്ഛനെ ഏറെ സന്തോഷിപ്പിച്ചു. 

ജീവിതരീതികളിലും ചിട്ടകളിലും വരെ അതിശയിപ്പിയ്ക്കുന്ന മാറ്റങ്ങൾ.
വിഷയം കണ്ടെത്താനായി മാത്രം ആഴ്ചകൾ വേണ്ടിവന്നു.ആശങ്കകൾക്ക് അടിവരയിട്ട് അയാൾ കണ്ടത്തി പായലുകൾ!

അതെ പായലുകളെക്കുറിച്ചുള്ള പഠനം, ശിലാവൽക്കല സസ്യശാസ്ത്രം.പുതുമയുള്ള വിഷയവും നല്ല ഉദ്ദ്യമവുമാണെന്ന് അഭ്യുദയകാംഷികൾ പറഞ്ഞു. കാരണം സസ്യശാസ്ത്രം അയാൾക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു.

പായലുകൾ നിറഞ്ഞ വൈവിധ്യമായ പാതയിലൂടെ അയാൾ സഞ്ചരിച്ചു തുടങ്ങി.നിറത്തിലും രൂപത്തിലുമെല്ലാം വിഭിന്നമായ പലതരം വിഭാഗങ്ങൾ. ഉഷാറുള്ള യാത്രകൾ, വിലയേറിയ പുസ്തകങ്ങൾ, അറിവുള്ള പണ്ഡിതന്മാർ. ഉറക്കമിളച്ചുള്ള ഇന്റർനെറ്റ്‌ തെരച്ചിലുകൾ, സമഗ്രമായ പഠനറിപ്പോർട്ടുകൾ.....ആഴ്ചകൾ പിന്നിട്ടു. 

പായൽ പിടിയ്ക്കാത്ത കല്പ്പടവുകളോ കോട്ടകൊത്തളങ്ങളോ അയാൾക്കിഷ്ടമില്ലാതെയായി. 

ആഹ്ലാദം നിറഞ്ഞ ആ യാത്രയിലെവിടയോ കാലൊന്ന് തെന്നി.നഷ്ടമായത് രണ്ട് പല്ലുകൾ!
തലവര സ്കാൻ ചെയ്ത് കമ്പ്യൂട്ടർസ്ക്രീനിൽ പ്രത്യക്ഷപ്പെടുത്താനുള്ള സംവിധാനം നിലവിലില്ലാത്ത സ്ഥിതിയ്ക്ക്,എന്തുവന്നാലും പിന്തിരിയില്ല എന്ന ചങ്കുറപ്പുമായി നന്ദകുമാറിന് ഒരു ദന്തഡോക്ടറുടെ പരിചരണത്തിൽ രണ്ടാഴ്ചകഴിയേണ്ടിവന്നു.

പഠനത്തിന്റെ ആവേശം ചോർന്നുപോകാതിരിയ്ക്കാൻ അയാൾ ജാഗ്രത പാലിച്ചു.
സഹചാരിയെന്നോളം പിറകേകൂടിയ ചാഞ്ചല്ല്യം അയാളുടെ ചിന്തകളെ വ്യതിചലിപ്പിച്ചു.ഗവേഷണത്തിന്റെ ദിശ മാറ്റി പല്ലുകളെക്കുറിച്ചായാലോ

പാതിവഴിയിൽ ഉപേക്ഷിയ്ക്കേണ്ടിവരില്ല.ചരുക്കം ചില ജീവികലൊഴിച്ചാൽ എല്ലാത്തിനും പല്ലുകളുമുണ്ട്. അവസരോചിതമായ ചില തീരുമാനങ്ങൾ പലരെയും പരമോച്ചത്തിലെത്തിച്ചിട്ടുമുണ്ട്. 

നഷ്ടപ്പെട്ട രണ്ട്പല്ലുകൾക്ക് പകരം ബഹുമതികൾ...പുരസ്ക്കാരങ്ങൾ ...അങ്ങനെ പലതും.
മനസിലുള്ളത് ഡോക്ടറെ ധരിപ്പിച്ചപ്പോൾ, അച്ഛന്റെ ആഗ്രഹ സാക്ഷാത്ക്കാരതിനായി ഇറങ്ങിത്തിരിച്ച ഒരു മകന്റെ ചിത്തം അദ്ദേഹത്തിന്  കാണാൻ കഴിഞ്ഞു.

 എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു,ഒപ്പം കുറേപുസ്തകങ്ങളും സമ്മാനിച്ചു.
ഉത്സാഹത്തിൽ നിന്നും ആർജിച്ച വീര്യവുമായി നന്ദകുമാർ പല്ലുകളുടെ പാതയിലൂടെ ബഹുദൂരം സഞ്ചരിച്ചു.ഒപ്പം ചൂട്ടുപിടിയ്ക്കാൻ പലപ്പോഴും ദന്തഡോക്ടറും ഉണ്ടായിരുന്നു.

എന്നാൽ കാലക്കേടെന്നോളം വിടാതെ പിടിമുറുകിയപല്ല് വേദനയും ചെന്നിക്കുത്തും മാനസിക സംഘർഷങ്ങളും അയാളുടെ ഗവേഷണ താൽപ്പര്യങ്ങളെ തീർത്തും ഗ്രസിച്ചുകളഞ്ഞു.

അയാളുടെ അവസ്ഥകൾ കണ്ടുനിന്ന് പല്ലിളിയ്ക്കാതെ ഭൂമി പലവട്ടം സൂര്യനെ വലംവച്ചു. 

ഏതോ ഒരു നല്ല നേരത്ത് നിനച്ചിരിയ്ക്കാതെ മനസ്സിൽ ഉറഞ്ഞു കൂടിയ ഒരാശയം, അയാളെ സമ്പന്നനാക്കിയിരിയ്ക്കുന്നു. 

ഉരുളുന്ന കല്ലിൽ പായൽ പുരളില്ലെന്ന തിരിച്ചറിവും,പല്ലിൽ തുടങ്ങിയത് പല്ലിൽ തന്നെ തുടരണമെന്ന ആഗ്രഹവുമാണ് പൽപ്പൊടി നിർമാണത്തിൽ കൊണ്ടുചെന്നെത്തിച്ചത്. 

അതിന്റെ മേൽവിലാസ ചീട്ടിൽ വിലാസമുള്ളോരു പെണ്ണും, ഭാര്യവീട്ടിൽ നിന്നുള്ള അകമഴിഞ്ഞ സഹായവും.ചില മഞ്ഞപത്രങ്ങൾക്കും പായൽ പിടിച്ച ചുവരുകൾക്കും അലങ്കാരമാണ് അയാളുടെ ഉത്കൃഷ്ട ഉത്പന്നം " ദന്തബന്ധു "

എന്തോ ആയിക്കോട്ടെ, അയാളുടെ കഥകൾ അറിയാവുന്ന നാട്ടുകാർക്ക് അയാളിന്നും ഡോക്ടർ തന്നെയാണ്.

ഡോക്ടർ എന്ന അഭിസംബോധന മനസുകൊണ്ടാഗ്രഹിച്ച നന്ദകുമാറിന് , പരിഹാസമായിട്ടാണെങ്കിൽ കൂടി ആ വിളിപ്പേരിൽ നിന്നും അനുഭൂതി ഉളവാകുന്നു.

പ്രവേശനപ്പരീക്ഷകളെഴുതാതെ, ശാസ്ത്രം പഠിയ്ക്കാതെ,ഗവേഷണം നടത്താതെ,രോഗ നിർണയം നടത്താതെ,സമരം ചെയ്യാതെ,തലവരിപ്പണം നൽകാതെ തീർത്തും സൗജന്യമായി കിട്ടിയ വരപ്രസാദം.

എന്താ ഡോക്ടറെ കൊറേക്കാലായല്ലൊ കണ്ടിട്ട്....
ഡോ.നന്ദകുമാർ തിരിഞ്ഞുനോക്കി.


2013 ജൂലൈ 18, വ്യാഴാഴ്‌ച

സർപ്രൈസ്‌ ഹോളീഡേയ്സ്‌

പൊന്നിറമുള്ള സ്വാദ്യസ്വപ്നങ്ങൾ പൂർത്തിയാക്കാനാവതെ ഞെട്ടിയുണർന്നൂ.വിളിച്ചുണർത്തിയ ഘടിഘാര മണിയനെ പിരാകി എല്ലാം കൂടിയൊന്നൂ വാരിയുടുത്ത്‌ അടുക്കളയിലേയ്ക്ക്‌ പ്രവേശിച്ചപ്പോൾ ...ദാ കിടക്കുന്നു നൂറ്റൊന്നു കക്ഷണങ്ങളായി നുറുങ്ങിയ പഞ്ചസാരപ്പാത്രം. ചിതറിക്കിടക്കുന്ന പഞ്ചസാരയും കുപ്പിച്ചില്ലുകളും യുവമിഥുനങ്ങളെപ്പോലെ കെട്ടിപ്പുണർന്ന്‌ കിടക്കുന്നു.

മഹകഷ്ടം! ഈ ബാച്ചിലർ പുരുഷൻ നോക്കുന്നിടത്തെല്ലാം പ്രണയവും ദാമ്പത്യവും മാത്രം. നണംകെട്ടവർ. കുറേക്കാലമയി ഞനവരെ ശ്രദ്ധിക്കുന്നു. 
പലപ്പോഴും അരുത്‌ എന്ന അശരീരി ഉണ്ടായിട്ടും അവരുടെ മാംസബദ്ധമയ പ്രണയ സരോവരത്തിലെയ്ക്ക്‌ ഞാനറിയതെ ഊളിയിട്ടു. 

മവേലി നാട്ടിൽ നിന്നും ഡെൽഹി മഹാനഗരം വരെ തീവ്രപരിചരണത്തോടെ കൊണ്ടെത്തിച്ച കമ്മ്യുണിസ്റ്റ്‌ ഭരണി (ചീന ഭരണിയെന്നും പറയാം) നിർദ്ധയം തട്ടിയുടച്ച, അത്താഴത്തിനയി കരുതി വച്ചിരുന്ന ചിക്കൻ ബാച്ചി നക്കി തുടച്ച ആ മാർജ്ജാര ദമ്പതികൾ ഇപ്പോഴിതാ എന്റെ പഞ്ചസാര പാത്രവും.....

വല്ലപ്പോഴും എന്നെ അലട്ടാറുള്ള ആ ചപലചുണ്ടെലിയേ തുരത്തിയൊടിച്ചോട്ടെ എന്നു വിചാരിച്ചാണു അയൽക്കാരന്റെ പൂച്ചകളെ സ്വന്തമായി കണ്ടുതുടങ്ങിയത്‌. ഇത്തരം ഉപദ്രവകാരികളോടൊപ്പം ഈ ഇടുങ്ങിയ മുറിയ്ക്കുള്ളിൽ കഴിഞ്ഞു കൂടുമ്പോൾ, ഗൗരവവും പക്വതയും ചോർന്ന്‌ ചോർന്ന്‌ പാൽമണം മാറാത്ത പൈതലായ്‌ മാറുകയാണു ഈ തളിക്കുഴി സത്യശീലൻ.

മധുരമില്ലാത്ത ചായയും പത്രത്താളുകളിലൂടെ ഒരു നെട്ടോട്ടവും.....ദേ... സെവനോക്ളോക്ക്‌.

എല്ലാമൊന്നുകഴിഞ്ഞു ഭഗവനേന്നു നീട്ടിവിളിച്ച്‌ ഓടിയെത്തിയപ്പോഴേയ്ക്കും ആ ചാർട്ടേട്‌ ബസ്സും പോയിക്കഴിഞ്ഞു. ഓഫീസ്സിലെത്തിയാൽ വീർപ്പുമുട്ടിയ്ക്കുന്ന ചുവരുകളും കമ്പ്യൂട്ടർ വെളിച്ചവും റേഡിയേഷനും...ഇടവേളകളിലെ ദുസ്തർക്കങ്ങളും, വൃഥാക്ഷേപങ്ങളും ആരോപണ പ്രത്യാരോപണങ്ങളും. 

പ്രചണ്ഡ്മായ ലോകത്തു നിന്നും മനസിടിവുമായി ജനതാ ഫ്ളാറ്റിലെ കൊച്ചുമുറിയ്ക്കുള്ളിൽ എത്തിപ്പെട്ടാൽ ടെലിവിഷൻ വെളിച്ചം. ദുരന്തം റിയാലിറ്റീ ഷോ കോമെഡി ഷോ കൊതുക്‌ കടി. മടുത്തു പോയീ മഹാപ്രഭോ ഈ വിരസ ജീവിതം.

ചിന്തകൾക്ക്‌ ബ്രേക്കിട്ട്‌ വന്ന വണ്ടിയിൽ ചാടിക്കയറി. ശനിപിടിച്ച പ്രഭാതക്കുരുക്കുകളിലെവിടയോ പെട്ടു വാഹനം നിശ്ചലമായി. ഡെൽഹി ട്രാൻസ്പോർട്‌ കോർപ്പറേഷന്റെ സാധാരണ കിരായാ വാണ്ടിയുടെ ഘർമാത്മകമായ എഞ്ചിനിൽ നിന്നും നിലയ്ക്കാത്ത ശ്വാസഘർഘരം. റിംഗ്‌ ടോണുകൾ, നെടുവീർപ്പുകൾ,ഹോൺ ശബ്ദങ്ങൾ....പശ്ചാതലമായി വിയർപ്പു നാറ്റവും. ആരുടെയൊ മൊബൈൽ ഫോണിൽ നിന്നും എഫ്‌ എം റേഡിയോ വാ തുറന്നു. റേഡിയോ മിർച്ചീ ഇറ്റ്സ്‌ ഹോട്ട്‌...

ആയിരം കാരണങ്ങൾ കേട്ടു മടുത്ത മാനേജർ സത്യശീലനു സ്റ്റെനോഗ്രാഫർ സത്യശീലനോടു അതിരു വിട്ട കോപം. തെറിച്ചാർത്ത്‌, പുലഭ്യാർച്ചന, അസഭ്യാഭിക്ഷേകം....

ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ചെന്നിരുന്നപ്പോൾ വെപ്രാളം വേണുഗോപലൻ ദന്ത ശർക്കര കാട്ടി കമന്റടിച്ചു. കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുള്ള ഞങ്ങളൊക്കെ കൃത്യസമയത്തെത്തുന്നു. തനിയ്ക്കെന്താ ദിവസോം ആ സാറിന്റെ തെറി കേൾക്കാൻ നേർച്ച വല്ലതുമുണ്ടോ?

ആ സറിനു സത്യശീലൻ എന്ന പേരിടുന്നതിനു അഞ്ചാറു കൊല്ലം മുൻപേ ഈയുള്ളവനു സത്യശീലൻ എന്ന പേരിട്ടു പോയി. അയാൾ എന്നേക്കാൾ സുമുഖനാണ് സാമ്പത്തിക ഭദ്രനാണ് ഈയുള്ളവനായി ഭഗവാൻ വച്ചുനീട്ടിയ സൗന്ദര്യവും, സൗഭാഗ്യവുമെല്ലം പ്രാരാബ്ധങ്ങൾ തട്ടിപ്പറിച്ചെടുത്തുകഴിഞ്ഞു .അവശേഷിക്കുന്നതു കൊണ്ടു ചെറുങ്ങനെ കഴിഞ്ഞു കൂടുന്ന ഈ ആവറേജ്‌ കോമളനോട്‌ അയാൾക്കെന്താണാവോ ഇത്രമേൽ കലി? 

നിർവീര്യമാക്കപ്പെട്ട ബോംബുപോലെ അപചയം ബാധിച്ച എന്നെ എത്രവട്ടം പാതാളത്തിലേയ്ക്ക്‌ ചവിട്ടി തഴ്ത്തിയിരിക്കുന്നു? കയ്യാളിനെ പരമാവധി ഭർസ്സിയ്ക്കാൻ തലയാളിനു തീറെഴുതിക്കൊടുത്തിരിക്കുന്ന പരമാധികാരത്തിനു മുൻപിൽ ഞാൻ സദാ തോറ്റുകൊണ്ടിരിക്കുന്നു.

ഗണപതി പ്രത്യക്ഷനായി! ഈ ഭൂമി ഭാരതത്തിലെ കുടവയറില്ലാത്ത ഒരേയൊരു ഗണപതിയാവാം നമ്മുടെ അറ്റെൻഡർ ഗണപതി റാവു. 

നമോവകം! സാറിനെക്കാണാൻ ഒരു സ്ത്രീ വന്നിരിയ്ക്കുന്നു. 

സ്ത്രീയോ? വരാൻ പറയൂ. 

ഹംസഗതിയിൽ ദർശനസുഖവുമായി ആഴിവർണമുള്ള ഷിഫോൺ സാരിയുടുത്ത മധുരാധരി വന്നു നിന്നു.ശബ്ദാഡംബരത്തോടെ ഞാൻ ചോദിച്ചു 

ആരാണു്....?

 സർ, ഐയാം പല്ലവി അറോറ ഫ്രം നിംബസ്‌ ഹോളീഡൈയ്സ്‌. കൺഗ്രാച്യുലേഷൻസ്‌, ഒരു കോമ്പ്ളിമെന്റെറി ടൂർ പാക്കേജുമായാണു് ഞാൻ വന്നിരിയ്ക്കുന്നത്‌ ഗോവയിൽ സുന്ദരമായ മൂന്നു രാത്രികൾ.പേയ്മെന്റുകളെല്ലാം കഴിഞ്ഞിരിയ്ക്കുന്നു. ഈ ഫോമുകളിൽ സിഗ്നേച്ചർ ചെയ്യുകയേ വേണ്ടൂ. ഇതിന്റെ സ്പോൺസർ ആരാണെന്നുള്ളത്‌ ഇന്നു രാത്രി പത്ത്‌ മണി വരെ തീർത്തും സർപ്രൈസ്‌ ആയിരിയ്ക്കും. 
കൂടുതൽ സംസാരിച്ച്‌ രസം കൊല്ലരുത്‌ എന്നാണു നിർദ്ദേശം. 

സീ യു. 

മോഹമുണർത്തുന്ന പാല്പുഞ്ചിരിയുമായി അവൾ അപ്രത്യക്ഷയായി.

എല്ലാം ഒരു മായക്കാഴ്ച്ച പോലെ.ദീനവത്സലനായ എന്നോട്‌ ഭക്തവത്സലനായ ഭഗവാൻ കരുണ കാട്ടിയിരിയ്ക്കുന്നു.

മനച്ചാടുലതകൾക്കും ദുർഭിക്ഷങ്ങൾക്കും അർദ്ധവിരാമമിട്ട്‌ നാലുനാൾ സ്വപ്നങ്ങളുടെ പറുദീസയിലേയ്ക്കൊരു സുഖയാത്ര.മനസ്സിനെ ത്രസ്സിപ്പിയ്ക്കുന്ന ഒരു ഉൾപ്പുളകം ഇടഭിത്തികൾ ഭേദിച്ച്‌ സഞ്ചരിച്ച്‌ തുടങ്ങി.

എന്റെ വഴ കുഴാ സദ്യവട്ടങ്ങൾക്ക്‌ ഒരിടവേള. എന്നാലും എന്റെ ചിക്കൻ ബാച്ചിയോളം രുചി വിളമ്പാൻ ഗോവയിലെ ഷെഫുകൾക്ക്‌ കഴിയുമോ ആവോ? 

അരുണ വർണത്തിൽ മൂപ്പിച്ചെടുത്ത ഇഞ്ചി - ഉള്ളി-വെളുത്തുള്ളി സഹോദരങ്ങളെ തക്കളിച്ചാറും മസ്സലക്കൂട്ടുകളുമായി ചേർത്തുലർത്തി മഞ്ഞൾ പുരട്ടിവച്ചിരിയ്ക്കുന്ന കോഴിക്കക്ഷണങ്ങളിലിട്ടു സാവധാനം ചെറുതീയിൽ വേവിച്ചെടുത്താൽ ചിക്കൻ ബാച്ചി റെഡി! മസ്സാലക്കൂട്ടുകൾക്ക്‌ കോഴിക്കക്ഷണങ്ങളുമായി പരിചയപ്പെടാനും പൊരുത്തപ്പെടാനും ക്ഷമയോടെ ഒരു മണിയ്ക്കൂർ അനുവദിച്ചാൽ ബാച്ചിലർ ചിക്കൻ കറിയ്ക്ക്‌ കൂടുതൽ കയ്യടി നേടാനാവും.

വായ്ക്കടലിൽ ടൈറ്റാനിക്ക്‌ മുങ്ങിത്തുടങ്ങി

നിരാനന്ദമായ ഒറ്റപ്പെടലിലേയ്ക്കു എന്റെ മനസ്സും ശരീരവും തിരിച്ചെത്തി.കിടപ്പുമുറിയിലെ മൂലയിൽ എന്റെ തേഡ്‌ ഹാൻഡ്‌ കമ്പ്യൂട്ടറിനുമുന്നിൽ സാകൂതം മെയിലുകൾ പരതി. 

ടൂർ പക്കേജിലെ വിശദ വിവരങ്ങളും സ്പോൺസറേയും മനസ്സിലാക്കാനുള്ള സമയമത്രയും അതിക്രമിച്ചു. തപ്തമായ വിചാര വിമാനത്തിൽ മൂഢസ്വർഗം ചുറ്റിയത്‌ മിച്ചം.ചാണയിട്ട്‌ മൂർച്ച കൂട്ടിയ കളവുകൾ കൊണ്ട്‌ എന്റെ ആർദ്ര ഹൃദയത്തെ മുറിവേല്പ്പിയ്ക്കാൻ ബോധപൂർവം ആരോ നടത്തിയ ചവിട്ട്‌ നാടകം.

ഓഫീസിലെ പടിക്കെട്ടുകൾ കയറിയപ്പോൾ സംശയദൃഷ്ട്യാ പലരേയും വീക്ഷിച്ചു.പാക്കേജിലെ വിശദ വിവരങ്ങൾക്കിയി പലരും വട്ടം കൂടി.

നഷ്ടസർവ്വസ്വനായ ഞാൻ അർഥഗർഭനായി മൗനം നടിച്ചു. ഗണപതി പ്രത്യക്ഷനായി. 

നമോവകം! മനേജർ വിളിക്കുന്നു

ചടുല തണ്ഡവമാടിത്തളർന്ന ചുടല മാടനായി മാനേജർ സത്യശീലൻ ഗർജ്ജിച്ചു. 

യൂ സ്റ്റുപ്പിഡ്‌....

അശരണന്റെ മേൽ പതിച്ച കുന്തമഴയ്ക്കു പതിനെട്ടാം മിനിറ്റിൽ കലാശക്കൊട്ടായി അയാൾ അലറി...

ഐ സേ യു ഗെറ്റ്‌ ലോസ്റ്റ്‌.


പകുതിയിലധികം മലയാളികൾ ജോലി ചെയ്യുന്ന ഫാരോസ്‌ എക്സ്പോർട്സിന്റെ ഡെൽഹി റീജിയണൽ ഓഫീസ്സിൽ എട്ടു വർഷത്തോളം ഒരേയൊരു സത്യശീലൻ മത്രമേ ഉണ്ടായിരുന്നുള്ളു.രണ്ടു വർഷം മുൻപു മാനേജർ സത്യശീലൻ നിയമിതനായതോടെ പല വഴികളിൽ നിന്നായി ആകാശക്കോടാലികൾ എന്നെത്തേടിയെത്തി. 

കഴിഞ്ഞ ആറു മാസമായി ഓഫീസ്സിനുള്ളിൽ മൊബൈൽ ഫോൺ നിയന്ത്രണം കൂടിയായതോടെ മാനേജർക്കായി വരുന്ന ബ്രഹ്മാസ്ത്ര പ്രഹരങ്ങൾ കൂടി സൗജന്യ നിരക്കിൽ ഈയുള്ളവനു കിട്ടിത്തുടങ്ങി. 


പോരാത്തതിനു അദ്ദേഹത്തിന്റെ വക നിരവധി ബഹുമതികളും. പോക്കന്തവള, കോവർ കഴുത, ചെളിത്തലയൻ ...........അങ്ങനെ പലതും.

വരുന്നമാസം മനേജർ സാറിന്റെ രണ്ടാം വിവാഹ വാർഷികമാണു. ഭാര്യാസഹോദരി അദ്ദേഹത്തിനായി തെരഞ്ഞെടുത്ത ഹോളീഡേയ്‌ പാക്കേജിൽ കയ്യൊപ്പുകൾ ചാർത്തി ഞാനത്‌ വികൃതമക്കി. 

അനുബന്ധമെന്നോളം എന്റെ മൃഗമോന്തയുടെ ചിത്രവും സമർപ്പിച്ചു. കോമാളിയായ എന്നെ അദ്ദേഹത്തിന്റെ പ്രിയതമയുടെ ഭർത്തവായി പലരും തെറ്റിദ്ധരിച്ചു. മാനസിക ഗ്ളാനിയേൽക്കേണ്ടിവന്ന ആ സ്ത്രീ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു പോയി .

പതിനെട്ടു മിനിറ്റ്‌ പ്രഭാതഭേരിയിലെ സഭ്യമായ ഭാഗങ്ങൾ ഇത്രയൊക്കെ മാത്രം. കരയാതെ കണ്ണുകൾ നനഞ്ഞു.ചുണ്ടുകൾ വിറച്ചു. ഒരു ചന്തച്ചെറുക്കനോടുപോലും പറയാൻ പാടില്ലാത്ത പലതും എന്നെ പറഞ്ഞു. തീക്കുടുക്കകൾ വർഷിക്കപ്പെട്ട പൂരപ്പറമ്പായ്‌ മാറുകയായിരുന്നു എന്റെ മനസ്സ്‌.

എന്റെ തേഡ്‌ ഹാൻഡ്‌ കമ്പ്യൂട്ടറിൽ ഒരു മെയിൽ കാത്ത്‌ കിടന്നു. ഡിയർ സത്യശീലൻ,താങ്കളോട്‌ സ്നേഹപൂർവം രാജി ആവശ്യപ്പെടാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലത്രയും വിശ്വസ്തതയോടെ പ്രവർത്തിച്ച താങ്കളോട്‌ കൃതജ്ഞതയുണ്ട്‌. മറ്റൊരു ജോലി ശുപാർശ ചെയ്യാൻ ഞാൻ സന്നദ്ധനാണു്.സസ്നേഹം ടി. ആർ ശ്രീവാസ്തവ. മാനേജിംഗ്‌ ഡയറക്ടർ, ഫരോസ്‌ എക്സ്പോർട്സ്‌.

ദമ്പതികൾക്കായ്‌ പറുദീസയിലെ റിസോർടുകളിലെവിടെയോ തയറായിക്കൊണ്ടിരിയ്ക്കുന്ന മസാ ലക്കോഴിയുടെ അവസ്ഥയിലാണു് ഞാൻ. തിളച്ചു മറിയുന്ന എണ്ണയിൽ കിടന്നു ഉഷ്ണിക്കുന്നത്‌ ഒരു സുഖം. വറുത്ത്‌ കോരി തീൻ മേശയിലെ അലങ്കാര തളികകളിൽ സ്ഥാനം പിടിച്ചു പോയാൽ അടുത്ത പൊൻപുലരിയിൽ വിസർജ്ജ്യമായ്‌ മറും. അതിലും എത്രയോ ഭേദമാണു വറചട്ടിയിൽ നിന്നു ലക്ഷ്യം തെറ്റി ആളികത്തുന്ന അടുപിലേയ്ക്ക്‌ വീഴുന്നത്‌.

അലാറം അലറി അലറി തളർന്നിട്ടും എഴുന്നേൾക്കാതെ കിടന്ന എന്നെ ശകരിച്ചുകൊണ്ട്‌ മർജ്ജാര പുരുഷൻ എഴുന്നള്ളി.കണ്ണ്‌ തിരുമ്മി കോട്ടുവായിട്ടു ആ ചെമ്പൻ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു. 

കൂട്ടുകാരാ.....എനിയ്ക്കെന്റെ ജോലി നഷ്ടപെട്ടു. എല്ലാ അർഥത്തിലും ഞാനിപ്പോൾ നനഞ്ഞ നായയെപ്പോലെയാണ് ഒരിടത്തും പ്രവേശനമില്ലാത്ത ഈർപ്പശ്വാനൻ. 

ഉദ്യോഗവും സമ്പത്തുമില്ലാത്ത മാന്യനായി കുറച്ചുകാലം നിങ്ങളോടൊപ്പം ഞാനിവിടെ സർപ്രൈസ്‌ ഹോളീഡേയ്സ്‌ ആഘോഷിയ്ക്കാൻ പോകുന്നു. 

ഒരു ജോലി തരപ്പെടുമ്പോൾ നമ്മുടെ രസോയിയിൽ ചിക്കൻ ബാച്ചിയുടെ മണം പരക്കും. അതുവരെ നമുക്കിവിടെ കർക്കിടകം.