2024, ഫെബ്രുവരി 12, തിങ്കളാഴ്‌ച

മാവേലി മന്നന് പറയാനുള്ളത്

ഓണം കഴിഞ്ഞു ആരവങ്ങളൊഴിഞ്ഞു മലയാളിയും മാവേലിയും മനസ്സ് തുറക്കുന്നു.

പ്രജയ്ക്ക് പറയാനുള്ളത് !!!

ദുഷ്ടനായ ഈശ്വരന്‍ സര്‍വാധരണീയനായ മാവേലിമന്നനെ  ചതിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തി മലയാള മണ്ണിനൊരു പേരിട്ടു, "ദൈവത്തിന്റെ സ്വന്തം നാട്". അങ്ങനെ നമ്മുടെ നാട് അശാന്തിയുടെയും അധര്‍മത്തിന്റെയും വിളനിലമായി മാറി.

എന്റെ മാവേലിത്തമ്പുരാനെ നമ്മുടെ മണ്ണില്‍ കായില്ല, കനിയില്ല വിളവില്ല വിത്തില്ല!. പ്രലോഭനത്തിന്റെ ഉഗ്രപ്രതിബിംബമായ സ്വര്‍ണം.....കണ്ണഞ്ചിപ്പിയ്ക്കുന്ന ശോഭയോടെ,ത്രസ്സിപ്പിയ്ക്കുന്ന പരസ്യ വാചകങ്ങളോടെ പഞ്ചനക്ഷത്ര വാണിഭശാലകളില്‍ മലയാളികള്‍ക്ക് മാത്രമായി കാത്തിരിയ്ക്കുന്നു.

കുലീനങ്ങളായ രോഗങ്ങളും,
പീഡനങ്ങളും കാമാലീലകളും കൊള്ളരുതായ്മകളും ചതിയും മലയാളിയുടെ മുഖമുദ്രയായി മാറിയിരിയ്ക്കുന്നു.

ആചാരക്കള്ളന്മാരും, കിടക്കറസഖാക്കളെത്തേടി അന്നത്തില്‍ പാക്ഷാണം കലര്‍ത്തി കാത്തിരിയ്ക്കുന്ന ഒളിമങ്കമാരും മലയാളനാടിന് അപമാനമായി നിലകൊള്ളുന്നു.

നരബലി ശീലമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി ഭരിയ്ക്കുന്ന മലയാളമണ്ണ് മടുത്തുപോയി മഹാപ്രഭോ...കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി സമൃദ്ധിയ്ക്കായി അങ്ങ് തിരിച്ചുവരണം ഇളം തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സുഗന്ധവാഹിയായി അങ്ങ് നിലകൊള്ളണം.

ഇനിയും ഇങ്ങനെ ദശാബ്ദങ്ങള്‍ പിന്നിട്ടാല്‍ അഭിമാനികളായി അവശേക്ഷിയ്ക്കുന്നവര്‍ ആത്മാഹൂതി ചെയ്ത് പാപികള്‍ക്കായി ഈ നാടിനെ വിട്ടുകൊടുക്കും.

മാവേലി മന്നന്റെ മറുപടി !!!

ആത്മാഭിമാനിയും നിസ്വാര്‍ത്ഥനുമായ പ്രജ അറിയുവാന്‍ മാവേലിയ്ക്ക് പറയുവാനുള്ളത്,

നന്മകള്‍ക്കായി മാത്രം നിലകൊള്ളുന്ന ഭക്തവത്സലനായ ഭഗവാന് സാത്വികനായി മാത്രം ജീവിച്ച മാവേലി എന്ന പാവം കേരള ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്
ചവിട്ടിതാഴ്ക്കാനാവുമോ ? ചതിച്ച് സ്ഥാനഭ്രാഷ്ടനാക്കാന്‍ കഴിയുമോ ?

ഒരിയ്ക്കലുമില്ല.ഭഗവാന്റെ ആറാമവതാരമായ   പരശുരാമാനാല്‍ രൂപീകൃതമായ കേരളത്തിലെ നാടുവാഴിയായ മാവേലിയെ അഞ്ചാമവതാരമായ വാമനമൂര്‍ത്തി എങ്ങനെയാണ് ചതിയ്ക്കുന്നത് ?

ഉത്തരഭാരതം അടക്കി വാണിരുന്ന ഹിരണ്യ കശിപു  ചക്രവര്‍ത്തിയുടെ പൌത്രനും പ്രഹ്ലാദന്റെ പുത്രനുമായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തിയെയാണ് ഭഗവാന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയത് .

മലയാള മണ്ണില്‍ സമത്വം സ്വപ്നം കണ്ട് മണ്ണിനെയും മനുഷ്യനേയും,പ്രകൃതിയെയും സകല ചരാചരങ്ങളെയും സ്നേഹിച്ചുകൊണ്ട് മധ്യകേരളം വാണിരുന്ന ഒരു പാവം നാടുവാഴിയായിരുന്നു നിങ്ങളുടെ സ്വന്തം മാവേലിത്തമ്പുരാന്‍..

ഭാരതഭൂവില്‍ വാണിഭത്തിനായി കാലുകുത്തിയ സാംസ്കാരികമായി വാമനത്വം ബാധിച്ച ഇംഗ്ലീഷ്കാരാണ് നിങ്ങളുടെ മാവേലിയെ സ്ഥാനഭ്രാഷ്ടനാക്കിയത് പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയത് .....

നമ്മുടെ പ്രജകളില്‍ ചിലര്‍ അവരോടൊപ്പം കൂടിയാണ് മഹാ അപരാധം ചെയ്തതെന്ന് ഓര്‍ക്കുമ്പോള്‍ ഓരോ ഓണവും സമ്മാനിയ്ക്കുന്നത് ഹൃദയഭിത്തികളില്‍ ആയിരം കുതിരശക്തിയില്‍ വേദനത്തിരമാലകള്‍ ആഞ്ഞടിയ്ക്കുന്ന അങ്കലാപ്പാണ് .

ഇന്ന് മാവേലിയ്ക്ക് മലയാള മണ്ണില്‍ കോമാളിയുടെ മുഖമാണ് ഓരോ കൊല്ലവും അപമാനിതനായി മടങ്ങിപ്പോകുന്ന മാവേലി മന്നന് എങ്ങനെ ഈ മണ്ണില്‍ സ്ഥിരവാസിയാകാന്‍ കഴിയും ?

എന്‍റെ കേരളത്തിന്റെ നല്ല നാളെയ്ക്കായി പ്രാര്‍ത്തിച്ചുകൊണ്ട്‌ നിങ്ങളുടെ സ്വന്തം മാവേലിത്തമ്പുരാന്‍.

2019, ജനുവരി 15, ചൊവ്വാഴ്ച

ഉറക്കം നഷ്ടമായവർ

പകൽവെളിച്ചം നിദ്രയിൽ നിന്നും ഉണരാരായി.തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കിടന്നു നോക്കി.പരമേശ്വരൻ നായർക്ക് ഉറക്കം വരുന്ന ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല.

ഉറ്റ സുഹൃത്തുക്കളായ റേഷൻ കട പുരുഷനും കാടി ശശിയുമൊക്കെ രണ്ടെണ്ണം വീശീട്ടാ കിടക്കുന്നത്.സുഖ നിദ്രയിലായിരിയ്ക്കും ഭാഗ്യവാന്മാർ.

സരോജത്തെ ഭയന്നിട്ടാ താൻ മദ്യപിയ്ക്കാൻ മടി കാണിയ്ക്കുന്നതെന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമെന്നു അയാള് ആണയിടുന്നു.സ്വന്തം ശരീരവും ആരോഗ്യവും സംരക്ഷിയ്ക്കേണ്ടത് ഉത്തരവാദിത്വമുള്ള ഒരു ഗൃഹനാഥന്റെ കടമകളിൽ ഒന്നുമാത്രമാണ്.

ഉറങ്ങാനായി നേർച്ചകൾ നേർന്നു,ഉറങ്ങുന്നതായി നടിച്ചു നോക്കി.ഉറക്കം നഷ്ടപെട്ടവന്റെ തലപ്പിരാന്തുമായി ജനാല പാളികൾ തുറന്നു അമ്പിളി കൊച്ചുമാമനെ നോക്കി അയാൾ നെടുവീർപ്പിട്ടു.

നിലാഭംഗിയിൽ അലയടിചെത്തുന്ന ശക്തിയായ കാറ്റിനെ കബളിപ്പിച്ചു ഉറങ്ങുന്ന ഇലകളും പൂക്കളും അയാളിൽ അസൂയ ജനിപ്പിച്ചു.

കുമ്പളങ്ങാ നീരിൽ തേൻ സമം ചേർത്ത് അത്താഴപ്പുറമേ സേവിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് എവിടേയോ കേട്ടതായി ഓർക്കുന്നു. മത്സരിച്ചുറങ്ങുന്ന സരോജത്തെയോ മകളെയോ വിളിച്ചുണർത്തി പാതിരാവിൽ കുമ്പളങ്ങക്കാര്യം പറയാനാവുമോ?.

കാട്ടുതീ പോലെ ആളിപ്പടർന്ന  ചിന്തകളെ കൂച്ച് വിലങ്ങിട്ട് ഉറങ്ങാതെ കറങ്ങുന്ന പങ്കയെ നോക്കി കിടന്നപ്പോൾ എപ്പൊഴെ ഒന്ന് മയങ്ങിപ്പോയി.

നിദ്രാസുഖം ഭംഗിച്ചുകൊണ്ട് ആരോ തട്ടിയുണർത്തി  ഒരു പുരുഷ സ്വരം !

എഴുന്നെല്ക്കെടോ

എന്റീശ്വരാ... സരോജത്തിന്റെ രഹസ്യ കാമുകൻ ?
മഹാപാപി !

പരമേശ്വരൻ നായർ സടകുടഞ്ഞ് മുഖമുയർത്തി ഗർജ്ജിച്ചു. !

ആരാടാ ?

ഞാനാട കാടി ശശി !!
സ്ഥലമെത്തി....സ്ഥലമെത്തി..

കവിളിൽ ഒലിച്ചിറങ്ങിയ ചാളുവ തുടച്ചു മാറ്റി പരമേശ്വരൻ നായർ കണ്ണ് തിരുമ്മി കോട്ടുവായിട്ടു.

ഓ ശരിയാ സ്ഥലമെത്തി.
ഓടിയ്ക്കൊണ്ടിരുന്ന കെ.എസ.ആർ.ടി.സി ബസ്സിന്റെ പിന് സീറ്റിലിരുന്നു നട്ടുച്ചയ്ക്ക് കണ്ട സ്വപ്നം മാത്രമായിരുന്നു പരമേശ്വരൻ നായരെ കലിപിടിപ്പിച്ച ഉറക്കം വരാത്ത രാത്രി.

പ്രകൃതിയുടെ വേളീ പുരുഷന്മാർ

എന്നോ പിറവിയെടുത്ത പ്രകൃതി,അവൾ മനോഹരിയായിരുന്നു.
അവളുടെ യൌവനത്തിനായി ഈശ്വരന്മാർ പോലും കാത്തിരുന്നു
കാമമോ മോഹമോ തോന്നാത്തവരായി ആരേയും അവശേഷിപ്പിയ്ക്കാത്ത
വശ്യസൌന്ദര്യം അവളെ വിശ്വ കാമിനിയാക്കി.

പ്രകൃതിയുടെ യവ്വന സൌരഭ്യം കണ്ടു പ്രലോഭിതരായ ഈശ്വരന്മാർ
മുനീന്ദ്രനെ സമീപിച്ചു തങ്ങളിൽ പ്രഗത്ഭന് പ്രകൃതിയെ കന്യാദാനം
നൽകണമെന്ന് അപേഷിച്ചു .

എന്നാൽ ഈശ്വരന്മാർ പ്രകൃതിയ്ക്ക് പിതൃസ്ഥാനീയരാനെന്നും
പ്രകൃതിഇഷ്ടപ്പെടുന്നവനെ സ്വയം വരിയ്ക്കുമെന്നും മുനീന്ദ്രൻ
മറുപടി നൽകി.

പ്രപഞ്ചം പ്രകൃതിയുടെ വേളിയ്ക്കായി കതിർ മണ്ഡപമൊരുക്കി .
പൌരുഷത്തിന്റെ പേശീ പുഷ്ടിയുമായി ആയിരങ്ങൾ പ്രകൃതിയുടെ
വരണമാല്യത്തിനായി കൊതിച്ചു നിന്നു.

സൂര്യ തേജസുമായി നാല് സഹോദരങ്ങൾ
ആക്കൂട്ടത്തിൽ അണിനിരന്നു. ഒരിയ്ക്കലും പിരിയാത്തവർ
ഒരു പോലെ ചിന്തിയ്ക്കുന്നവർ.
വസന്തം, ഗ്രീഷ്മം, ശരത്ത്, ശിശിരം.

പ്രകൃതി അവളുടെ മനസ് നാൽവർ സഹോദരങ്ങൾക്കായി
പകുത്തു നൽകി.
മുനീന്ദ്രൻ നാൽവർക്കും പ്രകൃതിയെ പ്രണയിക്കാൻ
നാല് കാലങ്ങൾ തീരുമാനിച്ചു.
അവർ പ്രകൃതിയ്ക്കിനി പതിമാർ.
എല്ലാവരും അനുഗ്രഹം ചൊരിഞ്ഞു.

എവിടെ നിന്നോ അലമുറയിട്ടു ഒരു യുവാവ് വേദിയിലേയ്ക്ക്
ഓടിക്കയറി
അരുത്,!അരുത്,!
പ്രകൃതി എനിയ്ക്കുള്ളതാണ്
അവളെ വേൾക്കാൻ കാലങ്ങളായി തപം
ചെയ്തവനാണ് ഈ ഞാൻ ....
ഇല്ലെങ്കിൽ ഈ ഈശ്വര സഞ്ചയത്തിൽ ഞാൻ
സ്വയം അഗ്നിയ്ക്കിരയാകും.

നാൽവർ സഹോദരങ്ങളിൽ ഒരാൾ ആ യുവാവിന് വേണ്ടി പിൻമാറാൻ
സന്നദ്ധത പ്രകടിപ്പിച്ചു.എന്നാൽ മുനീന്ദ്രൻ അതിനെ എതിർത്തു.
അത് പ്രകൃതിയുടെ സംതുലിനാവസ്ഥയ്ക്ക് ഭംഗം വരുമെന്നും
പ്രകൃതിയുടെയും പതിമാരുടെയും സമ്മതം അനുകൂലമാണെങ്കിൽ
അയാളെയും സ്വീകരിയ്ക്കാമെന്നും വ്യക്തമാക്കി.

കടുത്ത സംഘർഷ സമ്മർദ്ധങ്ങൾക്കൊടുവിൽ പ്രകൃതി ആ യുവാവിനെയും
തന്റെ പ്രിയതമാനായി സ്വീകരിച്ചു .നാൽവർ സഹോദരങ്ങളുടെ
പ്രണയകാലങ്ങളിലെപ്പോൾ വേണമെങ്കിലും അവളെ
പ്രണയിക്കാനുള്ള അനുവാദവും സദസ് ആ യുവകോമാളന് സമ്മാനിച്ചു.

നാഗിനിമാരുടെ കൂട്ടത്തിൽ നിന്നും ഒരു നാഗകന്യക ശീൽക്കാര ശബ്ദത്തോടെ
പാഞ്ഞുവന്നു. അയാൾ ആപത്താണ് പ്രകൃതിയുടെ പതിസ്ഥാനത്തുനിന്നും
അയാളെ മാറ്റണം അയാൾ നമ്മുടെ ശത്രുവാണ് .

എല്ലാവരും ഞെട്ടലോടെ നോക്കി നിൽക്കേ അയാൾ പറഞ്ഞു.
അതെ ആ നഗകന്യക പറഞ്ഞത് സത്യമാണ്.
ഞാൻ വിപത്താണ് ആപത്താണ് സംഹാരമാണ്.
പ്രകൃതിയുടെ മക്കൾ അവളെ മറന്നു പ്രവർത്തിയ്ക്കുമ്പോൾ
ദുഷ്ടന്മാരും അധർമന്മാരും ആയി മാറുമ്പോൾ എന്റെ പ്രിയപ്പെട്ട
പ്രേയസിയെ സംരക്ഷിയ്ക്കാൻ ഞാൻ വരും പ്രളയമായും പേമാരിയായും
അഗ്നിവർഷമായും കൊടുംകാറ്റായും ഭൂകമ്പമായും...

കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ പ്രകൃതിയെ
സംരക്ഷിയ്ക്കേണ്ടത് എന്റെ കർത്തവ്യമാണ് കടമയാണ്.

2018, മേയ് 8, ചൊവ്വാഴ്ച

മാനസമന്ത്രം

ശിവക്ഷേത്രത്തിലെ വൃത്തകാരത്തിലുള്ള ആൽത്തറ ചുറ്റും ഏകാഗ്രകതയോടെ പ്രദക്ഷിണം വക്കുന്ന അപരിചിതയായ മുത്തശ്ശിയെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു.
ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ ആരോഗ്യം ലഭിച്ചുകൊണ്ടിരുന്നത്‌ ശിവന്റെ കൃപ കൊണ്ടാണെന്ന്‌ മഹാഭാരതം സൗപ്‌തിക പർവ്വത്തിൽ പറയുന്നതായും, അതുകൊണ്ട്‌ മഹേശ്വരനെ സ്‌തുതിക്കണമെന്നും മരിച്ചുപോയ വല്ല്യപ്പൻ പലവട്ടം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്‌തിട്ടുണ്ട്‌.
പണ്ടെങ്ങോ അയൽക്കാരനായി വന്ന വാടകക്കാരൻ യുക്തിവാദിയുടെ മാന്ത്രിക സാമീപ്യം, എന്റെ മനസിലെ, ചിന്തകളിലെ ഈശ്വരന്മാരെ കൊല്ലാക്കൊല ചെയ്‌തിട്ടുണ്ട്‌.
വീണ്ടും എന്റെ ശ്രദ്ധ മുത്തശ്ശിയിലേയ്‌ക്ക്‌ തിരിഞ്ഞു. അവിടെ മനസിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ എന്നിൽ കൗതുകം ജനിച്ചു. അല്‌പം മുമ്പ്‌ ഈശ്വരസാക്ഷിയായി ബീഡി കൊളുത്തി കല്‌പനികതയുടെ മധുരം അയവിറക്കി ഗുരുത്തക്കേട്‌ കാട്ടിയ എന്റെ മനസും, വെറുമൊരു മരച്ചുവട്ടിനപ്പുറം ഈശ്വരനെ ദർശിച്ച ആ മഹാമനസും തമ്മിലുള്ള അന്തരം?
തോന്നിയിട്ട്‌ കാര്യമില്ലെങ്കിലും വെറുതേയൊരു പശ്ചാത്താപം മനസിലേക്ക്‌ തരിച്ചു കയറി. അതിന്റെ പവിത്രത മനസിലാക്കാതെ ഞാനും ആ കിഴവൻ മരത്തെ മൂന്നുവട്ടം വലംവച്ചു. ഈശ്വരാനുഗ്രഹത്തിന്‌ പകരം ശിരസാ വഹിക്കേണ്ടിവന്നത്‌ കാക്കക്കാഷ്‌ഠവും.
എനിക്കറിയാവുന്ന തമ്പുരാന്മാരാരോടെല്ലാം ക്ഷമ യാചിച്ചു. വരുന്ന മാസം പളനിയിൽ പോയി തല മുണ്ഡനം ചെയ്‌തേക്കാമെന്ന നേർ ച്ചയും, ജീവിതത്തിലേക്ക്‌ തിരിച്ചു വരണമെന്ന ഉറച്ച മനസുമായി ഞാൻ തിരിച്ചു നടന്നു.
വെറുതേയൊന്നു തിരിഞ്ഞ്‌ നോക്കിയപ്പോൾ…. വാർദ്ധക്യത്തിലും കൊഴിയാത്ത യൗവ്വനവും അളവറ്റ തേജസുമായി അവരെത്തിക്കഴിഞ്ഞു. പ്രസാദപൂരിതമായ ആ മുഖത്ത്‌ ഭക്തിയും ക്ഷീണവും നിറഞ്ഞു നിന്നു. ചുണ്ടുകളിൽ ആയിരം മന്ത്രങ്ങളും, കണ്ണുകളിൽ ജ്വലിക്കുന്ന ദേവചൈതന്യവുമായി അടുത്തെത്തിയ ആ ഈശ്വര പ്രതിയോഗിയോട്‌ വിനയത്തോടെ ഞാൻ ചോദിച്ചു.
ഈ ആൽത്തറ വലം വച്ചപ്പോൾ മുത്തശ്ശിയുടെ മനസിലെന്തായിരുന്നു?
ജിജ്‌ഞ്ഞാസയുടെ കുന്തമുനയിലിരുന്ന്‌ ഞാൻ കാത്‌ കൂർപ്പിച്ചു. ആദ്യം ഒന്ന്‌ മടിച്ചെങ്കിലും നഖം കടിച്ച്‌ നമ്രമുഖിയായി കാൽവിരൽകൊണ്ട്‌ ‘റ’ വരച്ച്‌ ആ തേജസ്വിനി ഉത്തരം തന്നു.
‘എന്റെ കൗമാരം.’
പളനി ആണ്ടവരോട്‌ ഒരപേക്ഷ, തലമുണ്ഡനം അടുത്ത കൊല്ലത്തേക്ക്‌ പോരേ….?

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കാമുകൻ കരിവണ്ട്

ഭൃംഗം

 അല്ലയോ ചിത്രശലഭമേ, ആരും കൊതിച്ചു പോകുന്ന നിന്റെ സൌന്ദര്യം,സാമീപ്യം നയന സുഭാഗമായ വര്‍ണഭംഗി! നീയെത്ര ഭാഗ്യവതിയാണ്. നീ ചെയ്യുന്ന അതേ പ്രവൃത്തികള്‍ എത്രയോ ഗൌരവമായി ഞാനും നിര്‍വഹിക്കുന്നു.അതും, നിസ്വാര്‍ത്ഥ സേവനം. .

പൂവിന്റെയ്ള്ളില്‍ ഒളിച്ചുവച്ചിരിയ്ക്കുന്ന മധുരമാണ് തേന്‍ .അതെത്രയോ നുകര്‍ന്നിരിയ്ക്കുന്നു.പക്ഷേ, നിറവോടെ ചിരിതൂകി നില്‍ക്കുന്ന പുഷ്പദളങ്ങള്‍ എന്റെ സ്പര്‍ശനമാത്രയില്‍ ഒളിമങ്ങുന്നു. കരിവണ്ടായി പിറന്നതുകൊണ്ടു മാത്രം ഞാന്‍ നികൃഷ്ടനായോ? ഇല്ല ഒരിയ്ക്കലുമില്ല...എത്രയോ കവിഹൃദയങ്ങളിലൂടെയും സാഹിത്യ മസ്തിക്ഷ്കങ്ങളിലൂടെയും എനിയ്ക്കും അംഗീകാരവും ചമല്‍ക്കാരവും ലഭിച്ചിരിക്കുന്നു.

എങ്കിലും... ഈ പരോക്ഷസ്ഥാനം തരുന്നവരാരും തന്നെ പ്രത്യക്ഷത്തില്‍ എന്നെയൊന്നു സ്നേഹിക്കാനോ സ്പര്‍ശിക്കാനോ മടി കാണിക്കുന്നു.പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ മനസിനുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന മധുരമാണ് സ്നേഹം.ആ മധുരം നുകരാന്‍ ഭാഗ്യം നിക്ഷേധിക്കപെട്ടവനാണോ ഞാന്‍?

എന്റെ പൂര്‍വികരാരോ ചെയ്ത് തീര്‍ത്ത പാപഫലമെന്നോളം നിരപരാധിയായ എന്നെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്നത് അനീതിയല്ലേ? പരസ്പരം സ്നേഹിക്കുക എന്നത് പ്രകൃതി നിയമമാണ്.അതനുസരിച്ചെങ്കിലും ഏതെങ്കിലുമൊരു പരമാണുവിനുള്ളില്‍ എന്നോട് തോന്നിയേക്കാവുന്ന ഒരിറ്റ് സ്നേഹം സ്വപ്നം കണ്ടുകഴിയുന്ന ഈ കരിവണ്ടിന് സമസ്ത സൌന്ദര്യങ്ങളുടെയും ഉപമയായ ഈ ശലഭ സുന്ദരിയെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവുമോ ? അതിനായി ഈ മനസ്സില്‍ കനിവുണ്ടാകണം. രൂപവതീ..നിന്‍ മനക്കണ്ണാടിയിലെ രസത്തകിടില്‍ പ്രതിബിംബമാകാന്‍ കഴിയാനാകാതെ ഞാന്‍ വീര്‍പ്പ്മുട്ടുകയാണ്.

ശലഭം

  പ്രിയപ്പെട്ട അളി ചേട്ടന് ,താങ്കളുടെ കരുത്തും കാര്യ പ്രാപ്തിയും മനോവിശാലതയും എനിക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ട്‌. എന്റെ മനസ്സില്‍ താങ്കള്‍ക്കൊരു മഹനീയ സ്ഥാനവുമുണ്ട്. താങ്കള്‍ എന്നോട് കാട്ടുന്ന ശ്രിങ്കാര ചേഷ്ടകളില്‍ ഞാനങ്ങേയറ്റം ഖേദിക്കുന്നു.പകരം ഒരു സഹോദരന്റെതായ സ്നേഹവും സംരക്ഷണവും താങ്കളില്‍ നിന്നും പ്രതീഷിച്ചോട്ടെ.മനസ് ചിതറാതെ നിരാശനാവാതെ താങ്കളെ എനിയ്ക്കെന്നും കാണണം .ഇനിയും ഇത്തരം വ്യര്‍ഥമായ വാക്കുകളിലൂടെ ഈ ചെറിയ മനസിനെ നോവിക്കില്ല എന്ന് എനിയ്ക്ക് ഉറപ്പ് തരണം..എന്ന് വിനീത സഹോദരി.

പൂവ് 

  പ്രേമ സുരഭിലനായ ഭ്രിംഗ ശ്രീമാന്‍, രസാനുഭവ ശീതളമായ താങ്കളുടെ ഹൃദയത്തിലേയ്ക്ക് ഉഷ്ണമുള്ള ഉല്‍ക്കകളെ ക്ഷണിച്ച് വരുത്തരുത്. അനുചിതമായ മനോവികാരങ്ങള്‍ക്ക് നങ്കൂരമിടാന്‍ താങ്കള്‍ക്ക് കഴിയണം.ക്ഷണ ഭങ്കുരങ്ങളായ പൂവിനോ പൂമ്പാറ്റയ്ക്കോ സ്വന്തമല്ലാത്ത ശക്തിയും ശൌര്യവുമുള്ള താങ്കള്‍ ഇങ്ങനെ ഭ്രാന്തചിത്തനാകുന്നത് തീര്‍ത്തും ദുഖകരമാണ് . അവാച്യമായ കറുപ്പഴകിന്റെ പെരുംച്ചന്തം പേറുന്ന താങ്കള്‍ അപകര്‍ഷത എന്ന അടികാണാ ഗര്‍ത്തത്തിലേയ്ക്ക് നിലം പതിക്കരുത്.ലോല ഹൃദയനായ അങ്ങ് പരിഹാസപത്രമാകാതെ ഭാഗ്നോത്സാഹനാകാതെ നരച്ച് നിറം വറ്റിയ സ്വപ്നങ്ങള്‍ക്ക് വിടചൊല്ലി മുന്നോട്ട് പറക്കൂ.അവിടെ പനിനീര്‍പ്പൂ സഞ്ചയത്തില്‍, താങ്കളെ അനവരതം സ്നേഹിക്കാനും പൂജിയ്ക്കനുമായി ഒരു ഭ്രിംഗ സുന്ദരി കാത്തിരിയ്ക്കുകയാണ്.


2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഉമിനീർ ശാകുന്തളം

അച്ഛന്‌ പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫറുമായി രാമപുരത്തേക്ക്‌ വീട്‌ മാറിയപ്പോൾ സേതുമാധവനുവേണ്ടി കരയാനും കാത്തിരിക്കാനും ഒരു ദേവിയുണ്ടായിരുന്നു. (ഓമനക്കുട്ടനെ മത്ത്‌പിടിപ്പിച്ച മോഹൻലാൽ ചിത്രമായ കിരീടം) ഈയുള്ളവന്‌ വേണ്ടി വേദനിക്കാനൊരു ദേവി എന്നാ ഉണ്ടാവുക? തുരുമ്പു പിടിച്ച മേശമേലിരുന്ന്‌ സിനിമാ ഭ്രാന്തനായ ഓമനക്കുട്ടൻ അങ്ങനെ പലതും ചിന്തിച്ചു. താൻ ജനിച്ച ശേഷം ഇതെത്രാമത്തെ വീടുമാറ്റമാണ്‌. സ്വാഭിപ്രായസ്ഥൈര്യവും സ്വന്തം വീടുമില്ലാത്ത അച്ഛന്റെ മകനായിപ്പോയതുകൊണ്ടല്ലേ ഇങ്ങനെ പലവട്ടം ഓമനക്കുട്ടന്‌ ചിന്തിക്കേണ്ടിവന്നത്‌.

തദ്ദേശവും കളിക്കൂട്ടുകാരും.... എന്തിന്‌ അവിടത്തെ പ്രാണവായുപോലും അയാൾക്ക്‌ നഷ്‌ടപ്പെടുകയാണ്‌. ഓമനക്കുട്ടന്റെ ജീവിതം പോലെതന്നെ കട കടാ ശബ്‌ദത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്‌ ‘മാതാവ്‌’ എന്നപേരുള്ള മാറ്റഡോർ വണ്ടി. ഉള്ളിൽ ഡ്രൈവറും ഉടമസ്‌ഥനുമായ ബേബിച്ചായനും മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഈപ്പൻ കിളിയും വഴികാട്ടിയായി ബ്രോക്കർ പരമശിവവും. പിന്നിൽ ചില്ല്‌ പൊട്ടിയ ഒരലമാരയും തേയ്‌മാനം വന്ന മൂന്നാല്‌ ഇരുമ്പുകസേരകളും മടക്കാവുന്ന രണ്ട്‌ കട്ടിലുകളും ഒരു കെൽട്രോൺ ടെലിവിഷനും അല്ലറ ചില്ലറ അടുക്കള സാമാനങ്ങളും പിന്നെ ഓമനക്കുട്ടൻ ചാരിയിരിക്കുന്ന തുരുമ്പുമേശയും.

ശങ്കാലുവായി അച്ഛൻ മോഹനചന്ദ്രൻ പിള്ളയും, വിമനസ്‌കയായി അമ്മ ആനന്ദവല്ലിയും ജാംബവാന്റെ കാലത്തെ കവിളൊട്ടി മുഖമുന്തിയ സ്‌കൂട്ടറിൽ അയാളിരിക്കുന്ന വാഹനത്തിന്‌ അകമ്പടിയെന്നോളം പിന്നാലെതന്നെയുണ്ട്‌.

സ്‌ഥിരമായുള്ള വീടുമാറ്റം അമ്മയുടെ അലച്ചിലുകൾ എല്ലാം പരിഹരിക്കാൻ ഓമനക്കുട്ടന്‌ കഴിയുമെന്നാണ്‌ ജോത്സ്യർ ഐരാണിക്കര അയ്യപ്പപണിക്കർ കവിടി നിരത്തി പ്രവചിച്ചത്‌. വിദ്യാഭ്യാസ ജീവിതത്തിൽ അയാളുടേതായി അവശേഷിക്കുന്നത്‌ കുറേ പരാജയ ഫലങ്ങളും ട്രാൻസ്‌ഫർ സർട്ടിഫിക്കെറ്റുകളും മാത്രം. എന്തായാലെന്താ, അങ്ങ്‌.... സ്വർണം വിളയുന്ന ദുബായിയിൽ പ്രിയപ്പെട്ട ചെറിയച്ഛൻ പ്രേമചന്ദ്രൻ പിള്ള തനിക്ക്‌ വേണ്ടി അന്തസുള്ളൊരു ജോലി ഉറപ്പാക്കിവച്ചിരിക്കയല്ലേ. വിസ കയ്യിൽ കിട്ടേണ്ട താമസം താനീ കാടും പടലും പിടിച്ച ദൈവത്തിന്റെ നാട്ടിൽ നിന്നും പറപറക്കില്ലേ.... അങ്ങകലെ തേനൂറും സ്വാദുള്ള ഈന്തപ്പഴത്തിന്റെ നാട്ടിലേയ്‌ക്ക്‌.

കുണ്ടും കുഴിയും കാട്ട്‌ ചെടികളും മുളളുവേലികളും കൊണ്ടലങ്കരിച്ച താഴാമ്പു മണമുള്ള ഒരിടവഴിയിലേയ്‌ക്ക്‌ വണ്ടി തിരിഞ്ഞു. പരിക്കുകളൊന്നും പറ്റാതെ ഒരു വിധം ഇറങ്ങിച്ചെന്നത്‌ പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു കവലയിലാണ്‌. താങ്ങുവേരിന്റെ സഹായമില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരാൽമരവും അതിന്റെ ചോട്ടിൽ ഊന്നുവടികളുമായി ചില കിളവന്മാരും.... പുത്തൻ താമസക്കാരെ അവർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

കവലതിരിഞ്ഞ്‌ വലത്‌ വശത്തായി ഭംഗിയുള്ളൊരു കെട്ടിടത്തിന്‌ മുൻപിൽ വണ്ടി ബ്രേക്കിട്ട്‌ ബ്രോക്കർ പരമശിവം ചാടിയിറങ്ങി. ഓമനക്കുട്ടന്റെ സ്വപ്‌നത്തിലെ അതേ വീട്‌. പൂമുഖവും, ചിത്രത്തൂണുകളും, കിളിവാതിലുകളുമൊക്കെയായി പുരാതന വാസ്‌തുവിദ്യയെ അനുസ്‌മരിപ്പിക്കുന്ന സുന്ദരസൗധം. 

വാടകക്കാണെങ്കിലെന്താ രാജാവായി വാഴാമല്ലോ. സന്തോഷം കൊണ്ട്‌ അച്ഛന്‌ കെട്ടിപ്പിടിച്ചൊരു ചക്കരമുത്തം സമ്മാനിക്കാൻ അയാൾ വണ്ടിയിൽ നിന്നും കുതിച്ചുചാടി.

ശകാര ശബ്‌ദത്തോടെ പരമശിവം അലറി. അതേ... ഇത്‌ ഹൗസോണറുടെ വീടാ..... താക്കോലും വാങ്ങി ഞാനുടനെ വരാം. നമ്മുടേത്‌ പത്തടി അപ്പുറത്താ.‘

പറഞ്ഞത്‌ പത്തടിയാണെങ്കിലും അരമുക്കാൽ മൈലകലെയായിരുന്നു മോഹനചന്ദ്രൻ പിള്ളക്കായി പറഞ്ഞുവച്ച വീട്‌. സാമനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോഴേയ്‌ക്കും ഓമനക്കുട്ടൻ വിയർത്ത്‌ കുളിച്ചുപോയി. അച്ഛനും പരമശിവനും കൂടി എന്തൊക്കെയോ കുശുകുശുക്കുകയും തർക്കിക്കുകയും ചെയ്‌ത്‌ നൂറിന്റെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പരമിശിവം എല്ലാവരോടും യാത്ര പറഞ്ഞു.

അവരുടെ സ്വകാര്യ സല്ലാപം ഓമനക്കുട്ടനെ കൂടുതൽ ആശങ്കാകുലനാക്കി. ആത്മഹത്യ, ദുർമരണം എന്നീ ദുഷ്‌കർമങ്ങൾ നടന്ന വീടുകളോടാണ്‌ അച്ഛൻ മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ഭ്രമം. കുറഞ്ഞ വാടകക്ക്‌ കൂടുതൽ സൗകര്യത്തോടെ കഴിയമല്ലോ എന്ന മതക്കാരനാണ്‌ പിള്ള. പോരത്തതിന്‌ അന്ധവിശ്വാസങ്ങളിൽ മതിപ്പില്ലാത്ത അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌കാരനും.
തീരെ ചെറുതും വലുതുമായ രണ്ട്‌ മുറികളുണ്ടായിരുന്നു ആ വീടിന്‌. അടുക്കളയും ചായ്‌പ്പും ഓട്‌ മേഞ്ഞതായിരുന്നു. എല്ലാമൊന്ന്‌ ഒരുവിധം ചിട്ടപ്പെടുത്തിയപ്പോഴേയ്‌ക്കും പാതിരാത്രിയായിരുന്നു..... ആനന്ദവല്ലിയുടെ തലയിണപ്പോര്‌ തുടങ്ങിക്കഴിഞ്ഞു. വ്യക്തമായ കാഴ്‌ചപ്പാടുകളില്ലാത്ത ഒരു ഭർത്താവിന്റെ നിസ്സഹായതയോടെ മോഹനചന്ദ്രൻ പിള്ള പല്ലുകടിച്ചു. സത്യത്തിൽ വിവാഹശേഷം ഇതെത്രാമത്തെ വീട്‌മാറ്റമാണെന്ന്‌ പിള്ളയ്‌ക്ക്‌ തെല്ലും തിട്ടമില്ല. ചെക്കന്‌ പതിനെട്ടു കഴിഞ്ഞാൽ പത്തു നാൾക്കകം പറത്താമെന്ന ഭർതൃസഹോദരന്റെ നിറമുള്ള വാഗ്‌ദാനം. ആകെ കൈയ്യിലുണ്ടായിരുന്ന സ്വർണവളകൾ നഷ്‌ടപ്പെടുത്തി പാസ്‌പോർട്ടെടുത്തിട്ട്‌ കൊല്ലം നാലാവുന്നു. മോഹങ്ങൾ വിളമ്പിക്കൊടുത്ത്‌ പഠനമോ തൊഴിലോ ചെയ്യിക്കാതെ മകനെ കുഴിമടിയനാക്കുന്നു. മോഹനൻ പിള്ളയുടെ കൂർക്കംവലിക്ക്‌ മുൻപിൽ ആനന്ദവല്ലിയുടെ ശകാര ശരങ്ങൾ മുനയൊടിഞ്ഞു.

മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ബോസ്‌ സ്‌നേഹത്തോടെ സമ്മാനിച്ച മൊബൈൽ ഫോണിന്റെ ദയനീയമായ കരച്ചിൽ കേട്ടുകൊണ്ടാണ്‌ ഓമനക്കുട്ടൻ ഞെട്ടിയുണർന്നത്‌. ദുബായിയിലെത്തിയാൽ പിന്നെ സ്വച്ഛന്ദമായി ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ലല്ലോ. അവിടെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്‌ മാനായിട്ടാ ജോലി. ദിവസവും എത്രയെത്ര ഭംഗിയുള്ള മുഖങ്ങൾ കാണാം. ഇവിടെ തലക്കനവുമായി പ്രത്യക്ഷപ്പെടാറുള്ള വെള്ളിത്തിരയിലെ താരങ്ങൾ അവിടെ നമ്മോടൊപ്പം സംസാരിക്കും ഡിന്നൽ കഴിയ്‌ക്കും.... എത്ര മധുരമായ അനുഭവങ്ങളായിരിക്കും. ഇതുവരെ ചേക്കേറിയ ഇടങ്ങളിലെല്ലാം പരിഹാസപാത്രമായിരുന്നു. ഇനിയത്‌ സംഭവിക്കരുത്‌, കുലീനനും, മിതഭാഷിയുമായിരിക്കണം.

ജനാലയുടെ പൊട്ടിപ്പൊളിഞ്ഞ വിടവിലൂടെ പ്രകാശം ഓമനക്കുട്ടനെ മാടിവിളിച്ചു. അയാൾ ജനാല തുറന്ന്‌ കോട്ടുവായിട്ട്‌ കണികണ്ടത്‌ തുമ്പപ്പൂവിന്റെ നിറമുള്ള ഒരു കൊച്ചു സുന്ദരിയെ. താൻ കണ്ടിട്ടുള്ള സിനിമകളിലോ സീരിയലുകളിലേയോ പോലെയായിരുന്നില്ല, കവിളത്തും ചുണ്ടത്തും ചായം പുരട്ടാതെ തന്നെ അവളെത്ര സുന്ദരിയാണ്‌. അലങ്കാരങ്ങൾ കൊണ്ട്‌ സമ്പന്നമായ ഒരു കവിത വിരിയാനില്ലാത്തതിനാൽ അയാളാ പെൺകൊടിയ്‌ക്കൊരു പേരിട്ടു ’മഞ്ഞക്കിളി‘.

ദുബായിയിലേയ്‌ക്ക്‌ പറക്കുംവരെ നേരമ്പോക്കിനൊരു കൊച്ചുപ്രേമം അത്രയേ അയാളും ഉദ്ദേശിച്ചിരുന്നുള്ളു. എന്നാൽ ചുരുങ്ങിയ രണ്ട്‌നാൾ കൊണ്ടുതന്നെ ആ മഞ്ഞക്കിളി ഓമനക്കുട്ടന്റെ ഹൃദയത്തിൽ കൂടുകെട്ടിക്കളഞ്ഞു. തൊട്ടടുത്തുള്ള പശുവുള്ള വീട്ടിൽ പാലിനായിട്ടാണ്‌ അവളെത്തുന്നത്‌. ഇനി പേരറിയണം, മനസ്‌ തുറക്കണം. ഈ ഓമനക്കുട്ടനെന്ന പരിഷ്‌കാരമില്ലാത്ത പേര്‌ കേൾക്കുമ്പോൾ അതോർക്കുമ്പോൾ ധർമസങ്കടവും. ഇഷ്‌ട താരങ്ങളായ ലാലേട്ടനോ, ദിലീപോ ഈ പേരിലൊന്ന്‌ നടിച്ചിരുന്നെങ്കിൽ.... അതുവരെ കാത്തിരിക്കാനും കഴിയില്ലല്ലോ ഈശ്വരാ...

അന്വേഷണത്തിന്റെ മൂന്നാംനാൾ സന്തോഷമുള്ള ആ സത്യം അയാളറിഞ്ഞു. തന്റേത്‌ പോലെ പരിഷ്‌കാരമില്ലാത്ത പേരാണ്‌ അവളുടേതും, ഓമനക്കുട്ടനും ശകുന്തളയും.... എന്താ ചേർച്ച. സ്‌നേഹിച്ച്‌ കൊതിതീരും മുൻപേ താൻ ദുബായിലേയ്‌ക്ക്‌ പറക്കും അതറിയുമ്പോൾ അവളെത്രമാത്രം വേദനിക്കും. എല്ലാം നമുക്ക്‌ സുഖമായി ജീവിക്കാൻ വേണ്ടിയല്ലേ. പാവം വിരഹോൽക്കണ്‌ഠിത, വിരഹവേദനയാൽ പരവശയായ നായിക. നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷാശ്രു , അയാളുടെ മനസിൽ ഒരായിരം പൂത്തിരി വിരിഞ്ഞു.

കവലയിലെ ആൽമരച്ചോട്ടിൽ ഒത്തുചേരാറുള്ള വൃദ്ധരോടൊപ്പം അയാളും ഇടം കണ്ടെത്തി. അതുവഴിയാണ്‌ തന്റെ പന്ത്രണ്ടാം ക്ലാസുകാരി ശകുന്തള സ്‌കൂൾ കഴിഞ്ഞു മടങ്ങിവരുന്നത്‌. സായാഹ്‌നത്തിലുള്ള സ്‌ഥരിമായ കാത്തിരിപ്പ്‌ പലരിലും ജിജ്ഞാസയുണർത്തിക്കഴിഞ്ഞു. ആരെയാ ഇങ്ങനെ കാത്തിരിക്കുന്നത്‌? ചോദ്യത്തിന്റെ ആവർത്തനവിരസത ഒടുവിൽ ശല്യമായിത്തീർന്നു. വൃശ്ചികക്കുളിരിൽ ഇലകൾ കൊഴിഞ്ഞു തുടങ്ങിയതോടെ, കാത്തിരിപ്പുകാരുടെ എണ്ണം കുറഞ്ഞു. എന്നിട്ടും ഓമനക്കുട്ടന്റെ കാത്തിരിപ്പിന്‌ അറുതി വന്നില്ല. തന്റെ ശകുന്തളയോട്‌ എന്തെങ്കിലും മിണ്ടാനുള്ള ധൈര്യത്തിനായി അയാൾ പ്രാർത്ഥിച്ചു. അവൾ അതുവഴി പോയിക്കഴിഞ്ഞാലും മറ്റാരെയോ പ്രതീക്ഷിക്കുന്നത്‌ പോലെ നടിക്കുമായിരുന്നു. ഇരുട്ട്‌ വീഴുമ്പോൾ ശകുന്തളയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി നടക്കുക പതിവാക്കി.

പരസ്‌പരം കണ്ടിഷ്‌ടമായിട്ട്‌ മാസം ഒന്നു കഴിഞ്ഞു. ഇതുവരെ ഒന്നു മിണ്ടാൻ കൂടി താല്‌പര്യം കാണിക്കാത്തതിൽ നന്നേ പരിഭവമുണ്ടാകും. താനൊരു ഗൗരവക്കാരനാണെന്നും, ഇത്തരം പ്രലോഭനങ്ങളിലൊന്നും തന്നെ വഴുതി വീഴാത്ത അചഞ്ചലനാണെന്നും മനസിലാക്കുമ്പോൾ അവളുടെ കുട്ടേട്ടനോട്‌ അവൾക്കുള്ള സ്‌നേഹവും മതിപ്പും ഇരട്ടിയാവും, ആ ഗ്രാമത്തിലെ ഒത്തുചേരലിന്റെ മഹോത്സവമായ എള്ളുവിളാകം പുലിത്തക്കാവിലെ പൂരത്തെ ഗ്രാമവാസികൾ സാനന്ദം വരവേറ്റുകഴിഞ്ഞു. താൽക്കാലികമായി വച്ചുപിടിപ്പിച്ച തെരുവുവാണിഭങ്ങളും, കളിക്കോപ്പുകളും, മുടിപ്പുരയും, അനുഷ്‌ഠാന കലകളും തയ്യാറായിക്കഴിഞ്ഞു. കഥയിലെ രാജകുമാരിയും ഗോപകുമാരനും അവിടെവച്ച്‌ ഒന്നാവും. ആ ഹൃദയസരസിൽ അനുരാഗത്തിന്റെ നിറദീപം തെളിയിക്കാനായി അയാൾ കാത്തിരുന്നു.

കസവുടുപ്പും പാവാടയുമണിഞ്ഞ ശകുന്തളയ്‌ക്ക്‌ എന്നത്തേക്കാളും ചന്തം കൂടുതലുള്ളതായി അയാൾക്ക്‌ തോന്നി. ആദ്യമായി മനസുതുറക്കുമ്പോൾ സമ്മാനിക്കാനായി കുറേ കുപ്പിവളകൾ കരുതിവച്ചിരുന്നു. അവരുടെ ശ്രദ്ധയിൽപ്പെടാതെ തൊട്ടടുത്ത്‌ മാറിനിന്ന്‌ അയാളുടെ പ്രതീക്ഷയിലെ രൂപ ലാവണ്യത്തെ ആപാദചൂഢം ആസ്വദിക്കുകയായിരുന്നു.

ഒരു കൊടുങ്കാറ്റ്‌ പോലെ ഒരു പറ്റം അലമ്പാർ അതുവഴി 
കോലാഹലവുമായി കടന്നു പോയി. ഇത്തവണ പൂവാലന്‌മാർ ഇമ്മിണി കൂടുതലാണേ.... ആരോ കമന്റടിച്ചു. ശകുന്തളയുടെ മാതാവ്‌ തിരിഞ്ഞടിച്ചു; ഓ ഇവരെ ഇത്തരം വിശേഷങ്ങളിൽ മാത്രം സഹിച്ചാമതിയല്ലോ. ആ കവലയിൽ കൂടാറുള്ള കിളവവൻമാരെയാണൽ സഹിക്കാനേ പറ്റാത്തത്‌, തുപ്പലൊഴുക്കികൾ! പോരാത്തതിന്‌ ഒരു വായിനോക്കിചെക്കനും വന്നുകൂടിട്ടുണ്ട്‌; വൃത്തികെട്ടവൻ.

അവരുടെ വാക്കുകൾ സുനാമിത്തിരമാലകൾ പോലെ ഓമനക്കുട്ടന്റെ മാന്യതകളെ മൊത്തമായി വിഴുങ്ങിക്കളഞ്ഞു.
മറുപടിയെന്നോളം കരുണാർദ്രമായി ശകുന്തള പറഞ്ഞു. അങ്ങനെ പറയരുത്‌ അയാളൊരു പാവമാണ്‌.

സാന്ത്വനത്തിന്റെ കുളിരുള്ള ഒരിളംകാറ്റ്‌ അയാളെ മെല്ലത്തലോടി. അതെ! തന്റെ കാതലിയ്‌ക്ക്‌ തന്നോടുള്ള പ്രേമത്തിന്റെ അഗാധമായ അടിവേരുകളെ പിഴുതെറിയാൽ ഒരു കാട്രിനയ്‌ക്കും കഴിയില്ല.
നീയാ ചെക്കനെ അറിയുമോ? അവളുടെ മറുപടിക്കായി അയാൾ കാതോർത്തു.

അറിയും, മേ​‍േൽക്കരയിലെ കൂട്ടുപലിശേടെ വീട്ടിൽ പുതുതായി വന്ന വാടകക്കാരൻ അങ്കിളിന്റെ മോനാ. ആ ചെക്കനൊരു മന്ദബുദ്ധിയെന്നാ കേട്ടത്‌. പാവം ആ മുഖം കണ്ടാലറിയില്ലേ?

ഓമനക്കുട്ടന്റെ ചങ്കിലെന്നോളം ഉത്സവപ്പറമ്പിൽ നിന്നും ഇടിനാദത്തോടെ കതിനകൾ തെരുതെരെ പൊട്ടി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും ആദിത്യനിലും അണുകൃമിയിലുമുണ്ടെന്ന്‌ മഹാകവി പാടിയ തീവ്രമായ പ്രണയം തിരിച്ചറിയാൻ കൂടി കഴിവില്ലാത്ത ആ ജനസഞ്ചയത്തിൽ നിന്നും, ചെറിയച്ഛന്റെ ദുബായി ലക്ഷ്യമാക്കി അയാൾ നടന്നു നീങ്ങി.